കോപ്പന്‍ഹെഗന്‍: യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ തീപാറും. ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്‌പെയിനും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം. 12.30ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ എതിരാളി സ്വിറ്റ്‌സര്‍ലന്‍ഡാണ്. മത്സരങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാനാവും. ക്രൊയേഷ്യ-സ്‌പെയിന്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.
ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. ഇരു ടീമിലും മികച്ച താരനിരയും വലിയ ആരാധക പിന്തുണയുമുള്ളതില്‍ മത്സരം ആവേശകരമാവും. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു ജയവും നേടിയാണ് സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ പോളണ്ടിനോട് 1-1 സമനില വഴങ്ങി.മൂന്നാം മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളിലാണ് സ്പാനിഷ് നിര തകര്‍ത്തത്.

മറുവശത്ത് ക്രൊയേഷ്യ ഓരോ ജയവും സമനിലയും തോല്‍വിയും നേരിട്ടു. ഇംഗ്ലണ്ടിനോട് 1-0ന് തോറ്റ് തുടങ്ങിയ ക്രൊയേഷ്യ രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് 1-1 സമനില പിടിച്ചു. നിര്‍ണ്ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. ഇവാന്‍ പെരിസിച്ച്,ലൂക്കാ മോഡ്രിച്ച് എന്നിവരിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍. ഇരുവരെയും സ്‌പെയിന്‍ എങ്ങനെ പിടിച്ചുകെട്ടുമെന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ ഫലം. പെരിസിച്ച് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ട് ക്രൊയേഷ്യക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.
മികച്ച യുവതാരനിരയിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ. പാബ്ലോ സറാബിയ,എയ്മറിക് ലാപ്പോര്‍ട്ടെ,അല്‍വാരോ മൊറാറ്റ എന്നിവരിലാണ് സ്‌പെയിന്റെ പ്രതീക്ഷകള്‍. മികച്ച ഫിനിഷിങ്ങിന്റെ അഭാവം സ്‌പെയിനുണ്ട്. അതിനാല്‍ത്തന്നെ ക്രൊയേഷ്യയുടെ പ്രതിരോധ നിര സ്പാനിഷ് നിരക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. അവസാനമായി 2018ലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് 3-2ന്റെ ജയം ക്രൊയേഷ്യക്കായിരുന്നു.
അതേ സമയം ജര്‍മനിയും പോര്‍ച്ചുഗലും ഹംഗറിയും ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പായ എഫിലെ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് സമനിലയും ഒരു ജയവുമാണ് ടീം നേടിയത്. ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഓരോ മത്സരങ്ങള്‍ വീതം ജയിക്കുകയും സമനില നേടുകയും തോല്‍ക്കുകയും ചെയ്തു.
താരസമ്പന്നമായ ഫ്രാന്‍സിന് തന്നെയാണ് മുന്‍തൂക്കം. അവസാനമായി 2016ലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. പോഗ്ബയും എംബാപ്പെയും കാന്റെയും ബെന്‍സേമയുമെല്ലാം ഉള്‍പ്പെടുന്ന ഫ്രാന്‍സ് മിന്നും ഫോമിലാണെന്നത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചങ്കിടിപ്പേറ്റുമെന്നുറപ്പ്.