ലോക ഫുട്‌ബോളില്‍ സമാനതകളില്ലാത്ത ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഭാവിയില്‍ ഇനി മറ്റൊരു താരത്തിനു എത്തിപ്പിടിക്കാന്‍ അസാധ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന നേട്ടമാണ് പറങ്കിപ്പടയുടെ കുപ്പായത്തില്‍ അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്.
യൂറോ കപ്പ് 2024 യോഗ്യതാ റൗണ്ടില്‍ ഐസ്‌ലാന്‍ഡിനെതിരേ കളിക്കാനിറങ്ങിയതോടെ അദ്ദേഹം ചരിത്രത്താളുകളില്‍ ഇടം പിടിക്കുകയായിരുന്നു. സ്വപ്‌നതുല്യമായ ഈ നേട്ടം ഗോളോടെ തന്നെ റോണോ ആഘോഷിക്കുകയും ചെയ്തപ്പോള്‍ പോര്‍ച്ചുഗല്‍ 1-0ന്റെ വിജയവും മല്‍സരത്തില്‍ സ്വന്തമാക്കി.

തന്റെ സമകാലികനും ഗോട്ട് പദവിക്കായുള്ള പോരില്‍ പ്രധാന എതിരാളിയുമായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഏറെ പിന്നിലാക്കിയാണ് റൊണാള്‍ഡോ 200ാം മല്‍സരം പൂര്‍ത്തിയാക്കിയത്. മെസ്സിക്കു ഇനി ഈ റെക്കോര്‍ഡിനൊപ്പം എത്താന്‍ സാധിക്കുമോയെന്ന കാര്യം പോലും സംശയമാണ്. 35 കാരനായ മെസ്സി ഇതു വരെ അര്‍ജന്റീനയ്ക്കായി 175 മല്‍സരങ്ങളിലാണ് കുപ്പായമണിഞ്ഞത്. ഇനിയുമൊരു 25 മല്‍സരങ്ങള്‍ കൂടി അദ്ദേഹം ദേശീയ ടീമിനു വേണ്ടി കളിക്കുമോയെന്നതു കണ്ടു തന്നെ അറിയേണ്ടതുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച പുരുഷ താരമെന്ന റെക്കോര്‍ഡ് നേരത്തേ കുവൈത്ത് താരം ബദെര്‍ അഹമ്മദ് അല്‍ മുത്താവയുടെ പേരിലായിരുന്നു. 38 കാരനായ താരം കളിച്ചത് 196 മല്‍സരങ്ങളായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു റൊണാള്‍ഡോ ഈ റെക്കോര്‍ഡ് തകര്‍ത്ത് പുതിയ ലോക റെക്കോര്‍ഡിന് അവകാശിയായത്. ഇപ്പോഴിതാ 200 മല്‍സരങ്ങളെന്ന എലൈറ്റ് ക്ലബ്ബിലും അദ്ദേഹം അംഗമായി മാറിയിരിക്കുകയാണ്.
2003 ആഗസ്റ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ സീനിയര്‍ ടീമിനു വേണ്ടി റൊണാള്‍ഡോ അരങ്ങേറിയത്. കസാക്കിസ്താനുമായുള്ള സൗഹൃദ മല്‍സരത്തില്‍ പകരക്കാരനായി അദ്ദേഹം ഗ്രൗണ്ടിലെത്തുകയായിരുന്നു. ഈ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 1-0നു ജയിക്കുകയും ചെയ്തു. വളരെ പെട്ടെന്നു തന്നെ തന്റെ ചടുലമായ ഡ്രിബ്ലിങുകളും അസാധാരണ ഷൂട്ടിങ് പാടവം കൊണ്ടും ഫുട്‌ബോള്‍ പ്രേമികള്‍ക്കു പ്രിയങ്കരനായി റോണോ മാറി.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ പോര്‍ച്ചുഗലിനെ ചാംപ്യന്മാരാക്കിയ ശേഷം രാജകീയമായി വിരമിക്കാനായിരുന്നു നേരത്തേ റോണോയുടെ പ്ലാന്‍. പക്ഷെ ലോക കിരീടമുയര്‍ത്താനുള്ള ഭാഗ്യമുണ്ടായത് മെസ്സിക്കായിരുന്നു. അടുത്ത വര്‍ഷത്തെ യൂറോ കപ്പില്‍ വിജയം കൊയ്ത് കളി മതിയാക്കാനാണ് ഇപ്പോള്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നതെന്നാണ് സൂചന.
ഫീല്‍ഡിന് അകത്തു മാത്രമല്ല, പുറത്തും പോര്‍ച്ചുഗീസ് ടീമിനു മുതല്‍ക്കൂട്ടായി ഇനിയും തുടരാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. കളി തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം എനിക്കു ഇനിയും ഒരുപാട് ചെയ്യാന്‍ സാധിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നു. ഈയൊരു മുഹൂര്‍ത്തത്തിലാണ് ഞാന്‍ ജീവിക്കുന്നത്. അതു വളരെ പോസിറ്റീവുമാണ്. ഭാവിയില്‍ എന്താവുമെന്നു ദൈവത്തിനു മാത്രമേ അറിയൂ, കളി തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വ്യക്തമാക്കി.
ഏതെങ്കിലുമൊരു മല്‍സരത്തെക്കുറിച്ച് പരാമര്‍ശിക്കുക കടുപ്പമാണ്. ഒരുപാട് മനോഹരമായ മുഹൂര്‍ത്തങ്ങള്‍ കരിയറിലുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് ആയാലും നേഷന്‍സ് ലീഗായാലും നിങ്ങള്‍ ജയിക്കുമ്പോഴാണ് അതു എല്ലായ്‌പ്പോഴും എളുപ്പമായി മാറുന്നതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.