Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: ചരിത്രം കുറിച്ച് യമാല്‍! വെറും 4 മിനിറ്റ്, ഫ്രാന്‍സിനെ തീര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍

മ്യൂണിക്ക്: യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍ തമ്മിലുള്ള യൂറോ കപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് സ്‌പെയിന്‍ കലാശപ്പോരിന്. ത്രില്ലിങ് സെമിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നയിച്ച ഫ്രഞ്ച് പടയെ സ്‌പെയിന്‍ വീഴ്ത്തിയത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു സ്‌പെയിനിന്റെ ഗംഭീര തിരിച്ചവരവ്. എട്ടാം മിനിറ്റില്‍ തന്നെ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നും റന്‍ഡാല്‍ കോളോ മുവാനി ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നിരുന്നു.

ഒന്നാംപകുതിയില്‍ തന്നെ തിരിച്ചടിച്ച സ്‌പെയിനിനു ഫ്രാന്‍സിന്റെ കഥ കഴിക്കാന്‍ വെറും നാലു മിനിറ്റിന്റെ ഇടവേള മാത്രമേ വേണ്ടി വന്നുള്ളൂ. ഫ്രഞ്ച് ടീം കണ്ണടച്ചു തുറക്കുന്നതിനിടെയാണ് നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ സ്‌പെയിന്‍ അവരുടെ വലയ്ക്കുള്ളിലാക്കിയത്. ലോക ഫുട്‌ബോളിലെ പുതിയ സെന്‍സേഷനായി മാറിയ കൗമാര താരം ലാമിന്‍ യമാല്‍ (21ാം മിനിറ്റ്), ഡാനി ഓല്‍മോ (25) എന്നിവരുടെ വകയായിരുന്നു സ്‌പെയിനിന്റെ ഗോളുകള്‍.

LAMINE YAMAL

photocredit

ഈ മല്‍സരത്തില്‍ നേടിയ ഗോളോടെ യമാല്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തിരിക്കുകയാണ്. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെയോ, ലോകകപ്പിന്റെയോ ചരിത്രത്തില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമയി അദ്ദേഹം മാറി. 16 വര്‍ഷവും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാല്‍ ഗോളുമായി റെക്കോര്‍ഡിട്ടത്. ബ്രസീലിന്റെ മുന്‍ ഇതിഹാസം പെലെയുടെ പേരിലുള്ള റെക്കോര്‍ഡാണ് യമാല്‍ പഴങ്കഥയാക്കിയത്.

സ്‌പെയിനിന്റെ ആധിപത്യത്തോടെയാണ് മല്‍സരം തുടങ്ങിയതെങ്കിലും ആദ്യ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് ഫ്രാന്‍സിനാണ്. ഈ ടൂര്‍ണമെന്റില്‍ ഓപ്പണ്‍ പ്ലേയില്‍ നിന്നും അവര്‍ നേടിയ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. ഇടതു വിങില്‍ നിന്നും പന്തെടുത്ത ശേഷം എംബാപ്പെ അളന്നു മുറിച്ച നല്‍കിയ ക്രോസില്‍ തല വയ്‌ക്കേണ്ട ചുമതല മാത്രമേ മുവാനിക്കുണ്ടായിരുന്നുള്ളൂ. സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും അദ്ദേഹം തൊടുത്ത ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പഴുതൊന്നും നല്‍കാതെ വലയില്‍ തുളഞ്ഞുകയറി. റഫറി അതു ഓഫ്‌സൈഡാണോയെന്നു വാര്‍ പരിശോധിച്ചെങ്കിലും തീരുമാനം സ്‌പെയിനിന് എതിരായിരുന്നു.

തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ കളിയില്‍ പിറകിലായതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. ലീഡുയര്‍ത്താന്‍ ഇതിനിടെ ഫ്രാന്‍സിനു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌പെയിന്‍ രക്ഷപ്പെട്ടു. 21ാം മിനിറ്റില്‍ സ്‌പെയിന്‍ തിരിച്ചടിച്ചു. ബോക്‌സിനു പുറത്ത്, 25 വാര അകലെ നിന്നും യമാല്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഫ്രഞ്ച് ഗോളിയെ കബളിപ്പിച്ച് വലയില്‍ പതിക്കുകയായിരുന്നു.

ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് സ്പെയിന്‍ വീണ്ടും ഫ്രഞ്ച് ഗോള്‍മുഖത്ത് ഇരമ്പിയെത്തി. 25ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും വന്നു. വലതു വിങില്‍ നിന്നും പന്തെടുത്ത ശേഷം നവാസ് നല്‍കിയ താഴ്ന്ന ക്രോസ് ഫ്രഞ്ച് ഡിഫന്‍ഡറുടെ ദേഹത്തു തട്ടിയ ശേഷം ബോക്‌സിനു അരികില്‍ വച്ച് ഓല്‍മോയ്ക്കു ലഭിക്കുന്നു. ബോളെടുത്ത ശേഷം ഓല്‍മോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോള്‍കീപ്പറുടെ കൈകള്‍ക്കിടയിലൂടെ വലയില്‍ കയറുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഫ്രാന്‍സ് കൈയമെയ് മറന്ന് പോരാടിയെങ്കിലും സ്‌പെയിന്‍ വിട്ടുകൊടുത്തില്ല. 2-1ന്റെ ജയവുമായി അവര്‍ അഞ്ചാം യൂറോ കപ്പ് ഫൈനലിലേക്കു കുതിക്കുകയായിരുന്നു. ഇംഗ്ലണ്ടും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള സെമിയിലെ വിജയികളാണ് ഫൈനലില്‍ സ്‌പെയി്‌നിന്റെ എതിരാളികള്‍.

Story first published: Wednesday, July 10, 2024, 6:07 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+