ഹാബെര്‍ഗ്: യൂറോ കപ്പ് ഫുട്‌ബോളിലെ ത്രില്ലിങ് മാച്ചില്‍ ജയവുമായി തുടങ്ങിയിരിക്കുകയാണ് കരുത്തരായ നെതര്‍ലാന്‍ഡ്‌സ്. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഡച്ച് ടീം ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം പോളണ്ടിനെ 2-1നു വീഴ്ത്തുകയായിരുന്നു. അതേസമയം, ഗ്രൂപ്പ് സിയില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനു സമനില വളങ്ങേണ്ടിയും വന്നു. സ്ലൊവേനിയയുമായാണ് ഡാനിഷ് ടീം 1-1ന്റെ സമനില സമ്മതിച്ചത്.
പോളണ്ടിനെതിരായ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സിനു 1-1ന്റെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നിരിക്കെയാണ് പകരക്കാരനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ വൗട്ട് വെര്‍ഗോസ്റ്റ് ടീമിന്റെ ഹീറോയായത്. 83ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍.

81ാം മിനിറ്റില്‍ മെംഫിസ് ഡിപ്പായിയെ പിന്‍വലിച്ചാണ് പകരം വെര്‍ഗോസ്റ്റിനെ കോച്ച് ഗ്രൗണ്ടിലേക്ക് അയച്ചത്. കളിയുടെ ഗതി മാറ്റാന്‍ ഏഴു ടച്ചുകള്‍ മാത്രമേ വെര്‍ഗോസ്റ്റിനു ആവശ്യമായി വന്നുള്ളൂ. യൂറോ കപ്പിന്റെ ചരിത്രത്തില്‍ പകരക്കാരനായി ഇറങ്ങിയ ശേഷം ഒരു താരം നേടിയ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയായിരുന്നു ഇത്.
പകരക്കാരനായി ഇറങ്ങി അവസാന മിനിറ്റുകളില്‍ ഗോളുമായി വെര്‍ഗോസ്റ്റ് ഡച്ച് ടീമിന്റെ ഹീറോയാവുന്നത് ഇതാദ്യമായിട്ടല്ല. 2022ല ലോകകപ്പില്‍ അര്‍ജന്റീനയ്്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും പകരക്കാരനായി ഇറങ്ങി വെര്‍ഗോസ്റ്റ് ഡച്ച് ടീമിനെ രക്ഷിച്ചിരുന്നു. 83ം മിനിറ്റായിരുന്നു ഒരു ഗോള്‍. പിന്നീട് കളി എക്‌സ്ട്രാടൈിലേക്കു നീണ്ടപ്പോള്‍ 111ാം മിനിറ്റിലും വെര്‍ഗോസ്റ്റ് അര്‍ജന്റൈന്‍ വലയില്‍ പന്തെന്തിച്ചിരുന്നു.
വെര്‍ഗോസ്റ്റിന്റെ ഗോളില്‍ പോളണ്ടിനെതിരേ ത്രസിപ്പിക്കുന്ന വിജയം കൊയ്‌തെങ്കിലും ഡച്ച് ടീമിനു ചില ആശങ്കകള്‍ ഈ കളിയില്‍ തീര്‍ച്ചയായുമുണ്ട്. ലഭിച്ച ഗോളവസരങ്ങളില്‍ പലതും മുതലാക്കാനായില്ലെന്നതാണ് അവരെ ഏറ്റവുമധികം നിരാശപ്പെടുത്തുന്ന കാര്യം. ഗാപ്‌കോ, ഡിപ്പായ്, സാവി സിമണ്‍സ്, ഡെന്‍സെല്‍ ഡെംഫ്രൈസ്, സ്റ്റീഫന്‍ ഡിവ്രി എന്നിവരെല്ലാം ഗോളവസരങ്ങള്‍ പാഴാക്കി. അല്ലായിരുന്നെങ്കില്‍ വലിയൊരു മാര്‍ജിനില്‍ ഡച്ച് ടീമിനു ജയിക്കാന്‍ സാധിക്കുമായിരുന്നു.
ഡച്ച് താരങ്ങള്‍ക്കു ഈ കളിയില്‍ റേറ്റിങ് നല്‍കിയാല്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് രണ്ടു പേരാണ്. സെന്റര്‍ ബാക്കായ നതാന്‍ ആക്കെയാണ് ടീമിനായി ഏറ്റവും മികച്ച കളി കെട്ടഴിച്ചത്. പോളണ്ടിന്റെ മികച്ച ചില മുന്നേറ്റങ്ങള്‍ വിഫലമാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഗംഭീരമായി പ്രതിരോധകോട്ട കാക്കുക മാത്രമല്ല ബോളുമായി മുന്നോട്ടു കയറിക്കളിച്ച് പോളണ്ടിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ആക്കെയ്ക്കു കഴിഞ്ഞിരുന്നു. ഡച്ച് ടീമിന്റെ രണ്ടു ഗോളിലും അസിസ്്റ്റ് നല്‍കാനും താരത്തിനു കഴിഞ്ഞു.
ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രുഗെനും മികച്ച പ്രകടനമാണ് ഗോള്‍ പോസ്റ്റിനു താഴെ നടത്തിയത്. കളിയില്‍ പോളണ്ടിന്റെ മൂന്നു ഗോള്‍ ശ്രമങ്ങള്‍ വിഫലമാക്കാന്‍ അദ്ദേഹത്തിനായിരുന്നു. കൂടാതെ കളിയുടെ അവസാന മിനിറ്റില്‍ സ്വിഡെര്‍സ്‌കിയുടെ സമനില ഗോളിനായുള്ള നല്ലൊരു ശ്രമവും വെര്‍ബ്രുഗന്‍ വിഫലമാക്കി നേരത്തേ 16ാം മിനിറ്റില്‍ ആദം ബുക്‌സയുടെ ഗോളിലാണ് പോളണ്ട് ലീഡ് പിടിച്ചെടുത്തത്. നാലു മിനിറ്റിനുള്ളില്‍ കോഡി ഗാപ്‌കോയുടെ ഗോളില്‍ ഡച്ച് ടീം സമനിലയും കൈക്കലാക്കി.