ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നും മുന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സ് വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയയെയാണ് ഏകപക്ഷീയമായ ഒരു ഗോളിനു ഫ്രഞ്ച് പട മറികടന്നത്. 38ാം മിനിറ്റില്‍ ഓസ്ട്രിയന്‍ താരം മാക്‌സിമിലിയന്‍ വോബര്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. ജയത്തോടെ അക്കൗണ്ട് തുറന്നെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊരു ഗംഭീര പ്രകടനം ഫ്രഞ്ച് പടയുടെ ഭാഗത്തു നിന്നും കാണാനായില്ല. നേരത്തേ മറ്റൊരു യൂറോപ്യന്‍ പവര്‍ഹൗസുകളായ ഇംഗ്ലണ്ട് നേടിയതു പോലെ ഒരു നിറംമങ്ങിയ വിജയമാണ് ഫ്രഞ്ച് ടീമിനു കുറിക്കാനായത്.
ഫ്രാന്‍സിനെ വിറപ്പിക്കുന്ന കളിയാണ് ഓസ്ട്രിയന്‍ ടീം കാഴ്ടവച്ചത്. പക്ഷെ മികവുള്ള കളിക്കാരുടെ അഭാവവും ഫിനിഷിങിലെ ചില പോരായ്മകളും അവര്‍ക്കു വിനയാവുകയായിരുന്നു. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം ഫ്രാന്‍സും ഓസ്ട്രിയയും കളിയില്‍ ഏറെക്കുറ ഒപ്പത്തിനൊപ്പമായിരുന്നു.

ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിലും രണ്ടു ടീമുകളും തുല്യത പാലിച്ചു. ബോള്‍ പൊസെഷനില്‍ നേരിയ മുന്‍തൂക്കം ഓസ്ട്രിയക്കായിരുന്നു. അവര്‍ 52 ശതമാനം പന്ത് കൈവശം വച്ചപ്പോള്‍ ഫ്രാന്‍സിന്റ പൊസെഷന്‍ 48 ശതമാനം ആയിരുന്നു. പാസിങിലും ഓസ്ട്രിയ തന്നെ നേരിയ മുന്‍തൂക്കം നേടി. 475-454 എന്നിങ്ങനെയായിരുന്നു ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം.
നിറംമങ്ങിയ വിജയത്തോടൊപ്പം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയ്ക്കു പരിക്കേറ്റതും ഫ്രാന്‍സിനു മറ്റൊരു ക്ഷീണമായി. രണ്ടാം പകുതിയിലായിരുന്നു എതിര്‍ താത്തിന്റെ തോള്‍ മൂക്കിലിടിച്ച് എംബാപ്പെയ്ക്കു പരിക്കേറ്റത്. മൂക്കില്‍ പൊട്ടലേറ്റിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. പരിക്കിനു ചികില്‍സ തേടിയ ശേഷം ഗ്രൗണ്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട് വേദന കാരണം ഗ്രണ്ടില്‍ ഇരുന്ന് കളി വൈകിപ്പിച്ചതിന്‍റെ പേരില്‍ എംബാപ്പെയ്ക്കു മഞ്ഞക്കാര്‍ഡും ലഭിച്ചിരുന്നു. തുടര്‍ന്ന് താരത്തെ കോച്ച് പിന്‍വലിക്കുകയുമായിരുന്നു.
റാല്‍ഫ് റാഗ്നിക്ക് പരിശീലിപ്പിച്ച ഓസ്ട്രിയന്‍ ടീം തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്ന പ്രകടനമാണ് കളിയില്‍ കാഴ്ചവച്ചത്. വളരെയധികം ഊര്‍ജത്തോടെ, പ്രെസിങ് ഗെയിമാണ് അവര്‍ പുറത്തെടുത്തത്. അവസാനമായി കളിച്ച 16 മല്‍സരത്തില്‍ ഒന്നില്‍ മാത്രമേ ഓസ്ട്രിയ തോറ്റിട്ടുള്ളൂ. ഫ്രാന്‍സിനും അവര്‍ കാര്യങ്ങള്‍ ദുഷ്‌കരമാക്കി തീര്‍ത്തു. വോബറുടെ സെല്‍ഫ് ഗോളിനു മുമ്പ് ലീഡുമായി ഓസ്ട്രിയ ഫ്രാന്‍സിനെ ഞെട്ടിക്കേണ്ടതായിരുന്നു. പക്ഷെ മാര്‍സെല്‍ സാബിറ്റ്‌സറുടെ അസിസ്റ്റില്‍ നിന്നും ക്രിസ്റ്റഫ് ബൗംഗാര്‍ട്‌നറുടെ ഷോട്ട് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്‍ പുറത്തേക്കു തട്ടിയകറ്റുകയായിരുന്നു.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയിലാണ് ഫ്രാന്‍സ് കൂടുതല്‍ ആകര്‍ഷകമായ കളി കെട്ടഴിച്ചത്. മറുഭാഗത്തു ഓസ്ട്രിയയും വിട്ടുകൊടുത്തില്ല. ഇതോടെ കളി കൂടുതല്‍ ആവേശകരവുമായി മാറി. ബോള്‍ പൊസെഷനുണ്ടായിട്ടും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഓസ്ട്രിയ പരാജയപ്പെട്ടു.
മധ്യനിരയില്‍ എന്‍ഗോളോ കാന്റെയുടെ മിന്നുന്ന പ്രകടനമായിരുന്നു ഇതിനു കാരണം. ഓസ്‌ട്രിയന്‍ നീക്കങ്ങളുടെ താളം തെറ്റിക്കുന്നതിനൊപ്പം ഫ്രഞ്ച് ടീമിന്റെ മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് താരം കളം നിറഞ്ഞുനിന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കാന്റെ തന്നെയാണ്.
മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ നിരന്തരമുള്ള ആക്രമണങ്ങളിലൂടെ ഫ്രാന്‍സിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഓസ്ട്രിയന്‍ ടീം സൃഷ്ടിച്ചത്. സമനില ഗോളിനായി അവര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പട വിട്ടുകൊടുത്തില്ല. ഒടുവില്‍ നേരിയ വിജയവുമായി അവര്‍ കഷ്ടിച്ചു ജയിച്ചു കയറുകയും ചെയ്തു. ടീമിന്റെ പ്രകടനത്തേക്കാളുപരി അവര്‍ക്കു ആശങ്കയുണ്ടാക്കുന്നത് എംബാപ്പെയുടെ പരിക്കായിരിക്കും.