ഡസ്സെല്‍ഡോര്‍ഫ്: യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബെല്‍ജിയത്തിനു റിട്ടേണ്‍ ടിക്കറ്റ് നല്‍കി മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. കളം നിറഞ്ഞു കളിച്ച് ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടും ഫ്രഞ്ച് പട ഗോളടിക്കാന്‍ മറന്നപ്പോള്‍ ബെല്‍ജിയം തന്നെ സെല്‍ഫടിച്ച് അവരെ മുന്നേറാന്‍ സഹായിക്കുകയായിരുന്നു. ഗോള്‍രഹിതമായി നിന്ന 84 മിനിറ്റുകള്‍ക്കു ശേഷം 85ാം മിനിറ്റിലാണ് ഇരുടീമുകളെയും വേര്‍തിരിച്ച ഗോളിന്റെ പിറവി.
പകരക്കാരനായി ഇറങ്ങിയ കോളോ മുവാനിയാണ് ഈ ഗോളിനു കാരണക്കാരനായത്. പക്ഷെ ഗോള്‍ കുറിക്കപ്പെട്ടത് ബെല്‍ജിയം ഡിഫന്‍ഡര്‍ യാന്‍ വെര്‍ട്ടോന്‍ഗന്റെ പേരിലായിരുന്നു. ബോക്‌സിനകത്തു വലതു ഭാഗത്തു വച്ച് മുവാനി തൊടുത്ത ഷോട്ട് തടയാന്‍ ശ്രമിച്ച വെര്‍ട്ടോന്‍ഗന്റെ കാല്‍മുട്ടില്‍ തട്ടി ദിശ മാറി പന്ത് വലയില്‍ കയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. ഫ്രാന്‍സ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. കാരണം മല്‍സരത്തിലെ മികച്ച ടീം അവരായിരുന്നു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബെല്‍ജിയം ചില ഗോള്‍ ശ്രമങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഫ്രാന്‍സിന്റെ സമഗ്രാധിപത്യമാണ് കളിയില്‍ കണ്ടത്.

4-3-3 എന്ന ടീം കോമ്പിനേഷനിലാണ് ബെല്‍ജിയം ഇറങ്ങിയതെങ്കില്‍ 4-3-1-2 എന്നതായിരുന്നു ഫ്രാന്‍സിന്റെ ടീം കോമ്പിനേഷന്‍. വളരെ പോസിറ്റീവായിട്ടാണ് കിലിയന്‍ എംബാപ്പെയുടെ ഫ്രഞ്ച് പട തുടങ്ങിയത്. കളി തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അവര്‍ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. അറ്റാക്കിങ് ഗെയിം അവര്‍ പുറത്തെടുത്തതോടെ ബെല്‍ജിയം പ്രതിരോധത്തിലേക്കും വലിഞ്ഞു.
ഇരുടീമുകളുടെ മധ്യനിര തമ്മിലുള്ള പോരാട്ടമായി വളരെ പെട്ടെന്നു തന്നെ മല്‍സരം മാറുകയും ചെയ്തു. മധ്യനിരയില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് രണ്ടു ടീമുകളും ശ്രമിച്ചത്. അതില്‍ മുന്‍തൂക്കം ഫ്രഞ്ച് പടയ്ക്കായിരുന്നു. ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ഇരുവിങുകളിലൂടെയും അവര്‍ ആക്രമണങ്ങള്‍ നെയ്‌തെടുത്തു. ഇതോടെ ബെല്‍ജിയത്തിന്റെ മുഴുവന്‍ പേരും പ്രതിരോധക്കോട്ട കെട്ടി ഗോള്‍ വഴങ്ങാതിരിക്കാന്‍ കഠിന പ്രയത്‌നവും നടത്തി.
മല്‍സരത്തില്‍ ഗോള്‍ നേടുമെന്ന പ്രതീതി പലപ്പോഴുമുണ്ടാക്കിയത് ഫ്രാന്‍സാണ്. വല്ലപ്പോഴും മാത്രമാണ് ബെല്‍ജിയം താരങ്ങളുടെ കാലിലേക്കു ബോള്‍ വന്നത്. അവര്‍ പാസിങ് ഗെയിം കളിച്ച് സമയം പാഴാക്കാനൊന്നും ശ്രമിച്ചില്ല. പകരം അതിവേഗത്തില്‍ ലോങ് ബോളുകളുമായി കൗണ്ടര്‍ അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് പരീക്ഷിച്ചത്. ആദ്യ അര മണിക്കൂറിനു ശേഷമാണ് ഭേദപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ബെല്‍ജിയത്തിനു സാധിച്ചത്.
എംബാപ്പെയ്ക്കും അന്റോണിയോ ഗ്രീസ്മാനും ഫ്രാന്‍സിനെ മുന്നിലെത്തിക്കാന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. 20ാം മിനിറ്റില്‍ ബെല്‍ജിയം ബോക്‌സിനകത്തു നിന്നു റാബിയറ്റ് ഒരു ലോങ്‌റേഞ്ചര്‍ തൊടുത്തെങ്കിലും അതു ക്രോസ് ബാറിനു മുകളിലൂടെമൂളിപ്പറക്കുകയായിരുന്നു.
35ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാന്‍ തുറാമിന് അവസരം. വലതു വിങിലൂടെ സാലിബയും കൗണ്ടെയും ചേര്‍ന്നു നടത്തിയ അതിവേഗ മുന്നേറ്റം. കൗണ്ടെ ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ക്രോസില്‍ തുറാം തലവച്ചെങ്കിലും അതു ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.
തുടര്‍ന്നും ഗോളിനായി ഫ്രഞ്ച് പട കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരുന്നു. മറുഭാഗത്തു വലപ്പോഴും മാത്രമാണ് ബെല്‍ജിയത്തിനു ബോള്‍ ലഭിച്ചത്. കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ ചില മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. രണ്ടാംപകുതിയില്‍ ഫ്രാന്‍സ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയേക്കാള്‍ ആധിപത്യമാണ് രണ്ടാം പകുതിയില്‍ അവര്‍ പുലര്‍ത്തിയത്. ബെല്‍ജിയം ഇതോടെ ഭൂരിഭാഗം സമയവും കാഴ്ചക്കാരായി മാറുകയും ചെയ്തു.
ഭൂരിഭാഗം സമയം പന്ത് കൈവശം വച്ച് ബെല്‍ജിയം ഗോള്‍മുഖത്തു വട്ടമിട്ടു പറന്നിട്ടും ഗോളടിക്കാന്‍ മാത്രം ഫ്രഞ്ച് ടീം മറന്നു. ഒരുപാട് അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും അവയൊന്നും മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ മാത്രം കഴിഞ്ഞില്ല.