ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2015-16 സീസണില്‍ തുടക്കം മുതല്‍ ഉജ്വല ഫോമില്‍ കളിച്ചുവരുന്ന ലീസ്റ്റര്‍ സിറ്റിയെന്ന കുഞ്ഞന്‍ ടീം കിരീടത്തിലേക്ക്. ഇതുവരെ അസാധ്യമെന്ന് പറഞ്ഞിരുന്ന പല ഫുട്‌ബോള്‍ വിദഗ്ധരും ലീസ്റ്ററിന്റെ കിരീടധാരണം ഉറപ്പിക്കാമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഏറ്റവും ഒടുവില്‍ ഞായറാഴ്ച വൈകി നടന്ന മത്സരത്തില്‍ ന്യൂ കാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച ലീസ്റ്റര്‍ രണ്ടാംസ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെക്കാള്‍ 5 പോയന്റ് മുന്നിലെത്തി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ലീസ്റ്റര്‍ തന്നെയാകും ഈവര്‍ഷത്തെ ചാമ്പ്യന്മാര്‍ എന്നുറപ്പാണ്. അതേസമയം, രണ്ടാംസ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.

അവസാന മത്സരങ്ങളില്‍ പിന്നോക്കം പോയ ടോട്ടനത്തിന് കിരീടസാധ്യത നിലനിര്‍ത്താന്‍ എല്ലാ കളികളും ജയിക്കേണ്ടതായിട്ടുണ്ട്. 8 കളികള്‍മാത്രമാണ് ഇനി ശേഷിക്കുന്നത്. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള ആഴ്‌സണലും നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും കിരീടമോഹം ഏറെക്കുറെ ഉപേക്ഷിച്ചമട്ടാണ്.
ക്ലോഡിയോ റാനിയേരിയുടെ കീഴില്‍ അത്ഭുതക്കുതിപ്പാണ് ഈ വര്‍ഷം ലീസ്റ്റര്‍ നടത്തിയതെന്ന് പറയാതെവയ്യ. മുന്‍നിര ടീമുകളുടെ വീഴ്ചകള്‍ മുതലെടുത്തും നിര്‍ണായക മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതെയുമാണ് ലീസ്റ്റര്‍ മുന്നോട്ടു പോയത്. ശരാശരിയിലും താഴ്ന്ന താരങ്ങളെ ഉപയോഗിച്ച് മികച്ച പ്രതിരോധവും അറ്റാക്കിങ്ങും നടത്താന്‍ കഴിഞ്ഞത് റാനിയേരിയുടെ തന്ത്രങ്ങളുടെ വിജയമാണ്. ലീസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടാല്‍ ലീഗ് ചരിത്രത്തില്‍ തന്നെ അത് മഹത്തായ ഒരു അധ്യായമായിരിക്കും.