പ്രീമിയര്‍ ലീഗ്, ലാ ലിഗ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; മത്സരം, സമയം, ചാനല്‍- അറിയേണ്ടതെല്ലാം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും ലാലിഗയുടെയും 2020-21 സീസണിന് നാളെ തുടക്കം. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെയാവും പുതിയ സീസണും നടക്കുക. കൈമാറ്റ ജാലകം തുറന്നിരുന്നതിനാല്‍ത്തന്നെ ടീമുകളെല്ലാം തങ്ങള്‍ക്ക് ആവിശ്യമുള്ള താരങ്ങളെ ടീമിലെത്തിച്ച് മൂര്‍ച്ചകൂട്ടി കഴിഞ്ഞു. ഇനിയങ്ങോട്ട് ഇംഗ്ലീഷ് കാല്‍പ്പന്ത് ലോകത്തെയും സ്പാനിഷ് കാല്‍പ്പന്ത് ലോകത്തെയും രാജാക്കന്‍മാരെ കണ്ടെത്താനുള്ള ആവേശകരമായ പോരാട്ടമാണ്.

നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളില്‍ നിന്ന് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം തിരിച്ചുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണാം. കരുത്ത് കൂട്ടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലംപാര്‍ഡിന്റെ ചെല്‍സിയുമെല്ലാം ഇത്തവണ കരുതിക്കൂട്ടി ഇറങ്ങുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 2021 മെയ് 23ന് പ്രീമിയര്‍ ലീഗ് അവസാനിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത് മാറാനും സാധ്യത കൂടുതലാണ്. സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡാണ് നിലവിലെ ലാലിഗ ചാമ്പ്യന്മാര്‍.

പ്രീമിയര്‍ ലീഗിന്റെ ആദ്യ ദിനം ഇങ്ങനെ
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനൊപ്പം ചെല്‍സി,ടോട്ടനം,ആഴ്‌സണല്‍,ലെസ്റ്റര്‍ സിറ്റി,മാഞ്ചസ്റ്റര്‍ സിറ്റി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരെല്ലാം ഇത്തവണ വളരെയധികം കിരീട പ്രതീക്ഷയിലാണ്. നാളെ വൈകീട്ട് 5 മണിക്ക് ഫുള്‍ഹാമും ആഴ്‌സണലും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 7.30ന് ക്രിസ്റ്റല്‍ പാലസ് സതാംപ്റ്റടണെയും രാത്രി 10 ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും. ചെല്‍സിയുടെ ആദ്യ മത്സരം 14നും മാഞ്ചസ്്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരം 19നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം 22നുമാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.

കിരീടം നിലനിര്‍ത്താന്‍ റയല്‍
ലാലിഗയുടെ മറ്റൊരു സീസണുകൂടി തുടക്കമാവുമ്പോള്‍ വളരെ പ്രതീക്ഷയിലാണ് റയല്‍ മാഡ്രിഡുള്ളത്. അവസാന സീസണിലെ ലാലിഗ കിരീടം ഇത്തവണ നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. പുതിയ സൂപ്പര്‍ താരങ്ങളെയൊന്നും റയല്‍ ടീമിലെത്തിച്ചിട്ടില്ലെങ്കിലും നിലവില്‍ കരുത്തുറ്റ താരനിരതന്നെ അവര്‍ക്കൊപ്പമുണ്ട്. മറുവശത്തുള്ള ബാഴ്‌സലോണയില്‍ പ്രതിസന്ധി നിരവധിയാണ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴില്‍ ടീം സെറ്റാകാന്‍ സമയമെടുക്കും. മാനേജ്‌മെന്റുമായി ഉടക്കി നിന്നിരുന്ന മെസ്സി നിലവില്‍ ഒത്തുതീര്‍പ്പിലെത്തി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കോമാന്റെ കീഴില്‍ മെസ്സിക്ക് വലിയ റോളുണ്ടാകുമോയെന്ന് കണ്ടറിയണം.

ആദ്യ ദിനം രണ്ട് മത്സരങ്ങളാണുള്ളത്. എയ്ബര്‍ സെല്‍റ്റാ വിഗോയെ ഉദ്ഘാടന മത്സരത്തില്‍ (വൈകീട്ട് 7.30) നേരിടുമ്പോള്‍ ഗ്രാനഡയും അത്‌ലറ്റികോ ബില്‍ബാവോയും തമ്മിലാണ് (രാത്രി 10) രണ്ടാം മത്സരം. റയല്‍ സോസിഡാഡാണ് റയലിന്റെ ആദ്യ എതിരാളി. വിയ്യാറയലാണ് ബാഴ്‌സലോണയുടെ ആദ്യ എതിരാളി. ലാലിഗ മത്സരങ്ങള്‍ അവരുടെ ഫേസ് ബുക്ക് ലൈവിലൂടെ ഓണ്‍ലൈനായി കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ചാനലിലൂടെ തത്സമയ സംപ്രേഷണം ഇല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications