ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏഴ് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനാകാതെ സൂപ്പര്‍ ക്ലബ്ബുകള്‍. ഇതാകട്ടെ, പ്രീമിയര്‍ ലീഗിനെ എന്നത്തേക്കാളും ആവേശകരമാക്കുന്നു.
ഏഴ് ടീമുകളാണ് കിരീട സാധ്യതയുമായി പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒപ്പത്തിനൊപ്പം പോരടിക്കുന്നത്. പതിനെട്ട് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തും പതിനേഴ് പോയിന്റുമായി ടോട്ടനം ഹോസ്പര്‍ രണ്ടാം സ്ഥാനത്തും പതിനാറ് പോയിന്റ് വീതമുള്ള ആഴ്‌സണലും ലിവര്‍പൂളും മൂന്നും നാലും സ്ഥാനങ്ങളിലും. പതിനാല് പോയിന്റുള്ള എവര്‍ട്ടനാണ് അഞ്ചാം സ്ഥാനത്ത്. ആറും ഏഴും സ്ഥാനത്തുള്ളത് പതിമൂന്ന് പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും.

അജയ്യരായി കുതിച്ച പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടനംഹോസ്പര്‍ വീഴ്ത്തിയത് ഒരു മികച്ച സൂചനയാണ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനം ഹോംഗ്രൗണ്ടില്‍ ജയിച്ചു കയറിയത്. അന്നേ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ 1-1ന് സ്റ്റോക്കിന് മുന്നില്‍ സമനിലയില്‍ കുരുങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും സ്വന്തം ഗ്രൗണ്ടില്‍ സതംപ്ടണനോട് സമനിലയായി (0-0). ബണ്‍ലിയുടെ ഗ്രൗണ്ടില്‍ ആഴ്‌സണല്‍ നേടിയ ജയമാണ് ഈയാഴ്ചയിലെ ത്രസിപ്പിക്കുന്ന ജയം. ഇഞ്ചുറിടൈമിലെ അവസാന സെക്കന്‍ഡിലായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയഗോള്‍.
സ്വാന്‍സിയുടെ തട്ടകത്തില്‍ 1-2ന് ലിവര്‍പൂള്‍ ജയം പൊരുതിയെടുത്തതും ശ്രദ്ധേയമായി. എന്നാല്‍, ഹള്‍ സിറ്റി നാട്ടുകാര്‍ക്ക് മുന്നില്‍ ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ശനിയാഴ്ച നടന്ന മറ്റ് മത്സരങ്ങളെല്ലാം സമനിലയായി. സണ്ടര്‍ലാന്‍ഡ് 1-1 വെസ്റ്റ് ബ്രോം, വാട്‌ഫോഡ് 2-2 ബൗണ്‍മൗത്, വെസ്റ്റ്ഹാം 1-1 മിഡില്‍സ്ബറോ എന്നിങ്ങനെയാണ് റിസള്‍ട്ട്.