ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ക്ക് ജയം. ചെല്‍സി 7-1ന് ഗ്രിംസ്ബി ടൗണിനെ തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ എംകെ ഡോണിനെതിരെ 2-0ത്തിന് വിജയം കണ്ടു. അതേസമയം കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നാം ഡിവിഷന്‍ ടീമായ റോച്ച്ഡാലെയ്‌ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ടു. 1-1 എന്ന നിലയില്‍ മത്സരം സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് യുണൈറ്റഡ് അടുത്തറൗണ്ടിലേക്ക് കടന്നത്.
ചെല്‍സിക്കുവേണ്ടി മിച്ചി ബാത്ഷ്വായ്(7, 86) ഇരട്ടഗോള്‍ നേടി. റോസ് ബാര്‍ക്‌ലി(4), പെഡ്രോ(43), കുര്‍ട്ട് സൗമ(56), റീസ് ജെയിംസ്(82), ഹഡ്‌സന്‍ ഒഡോയ്(89) എന്നിവരാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. ഗ്രിംസ്ബി ടൗണിനായി മാറ്റ് ഗ്രീന്‍(19) ആശ്വാസഗോള്‍ കണ്ടെത്തി. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എംകെ ഡോണിനെതിരെ രണ്ടുഗോള്‍ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ജെയിംസ് മില്‍നര്‍(41), ജാന ഹോവര്‍(69) എന്നിവര്‍ ഗോള്‍ നേടി.

പ്രീമിയര്‍ ലീഗില്‍ വയര്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഗ് കപ്പിലും തിളങ്ങാനായില്ല. യുണൈറ്റഡിനായി ഗ്രീന്‍വിഡ്(68) ഗോള്‍ നേടിയപ്പോള്‍ ലൂക്ക് മത്തേസണ്‍(76) റോച്ച്ഡാലെയ്ക്കുവേണ്ടിയും സ്‌കോര്‍ ചെയ്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നായിരുന്നു യുണൈറ്റഡിന്റെ വിജയം. മറ്റു മത്സരഫലങ്ങള്‍, ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ്(4-0)വെസ്റ്റ്ഹാം, ഷെഫീല്‍ഡ് യുണൈറ്റഡ്(0-1)സണ്ടര്‍ലാന്‍ഡ്, ബ്രൈറ്റന്‍(1-3)ആസ്റ്റണ്‍വില്ല.