കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയായി. ഗ്രൂപ്പ് എഫില്‍ നടന്ന അവസാന റൗണ്ട് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയം നേടിയപ്പോള്‍ മെക്സിക്കോ-ചിലി മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു. നേരത്തേ തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി. ഗ്രൂപ്പില്‍ നിന്നു രണ്ടാം സ്ഥാനക്കാരായി ഇറാഖും മൂന്നാംസ്ഥാനക്കാരായി മെക്സിക്കോയും നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറിയിട്ടുണ്ട്.
ഇറാഖിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പട മറികടന്നത്. ഇരട്ടഗോളുകള്‍ നേടിയ ഡാനി ലോഡറാണ് ഇംഗ്ലീഷ് ഹീറോ. എയ്ഞ്ചല്‍ ഗോമസ്, എമിത്ത് റോ എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.
11ാം മിനിറ്റിലാണ് എയ്ഞ്ചല്‍ ഗോമസ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറക്കുന്നത്. നിയ കിര്‍ബി നല്കിയ മനോഹരമായ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ഗോമസ് വലയ്ക്കുള്ളിലേക്ക് തൊടുത്തത്. തുടര്‍ന്നും ഇംഗ്ലണ്ട് കൗമാരനിര ഇറാഖ് ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ നടത്തി. 25ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഇംഗ്ലണ്ടിനു സുവര്‍ണാവസരം ലഭിച്ചു. പക്ഷെ ജോര്ഡന് സാഞ്ചോയുടെ പെനല്‍റ്റി കിക്ക് ഇറാഖ് ഗോള്‍കീപ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
രണ്ടാംപകുതിയിലും ആധിപത്യം തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടു ഗോളുകള്‍ കൂടി ഇറാഖിന്റെ സമനില പ്രതീക്ഷകളും തല്ലിക്കെടുത്തി. മൂന്നു മിനിറ്റിനിടെയായിരുന്നു ഉഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകള്‍. 57ാം മിനിറ്റില്‍ ആദ്യ ഗോള്‍സ്കോററായ ഗോമസ് നല്കിയ പാസിലാണ് എമിത്ത് റോവ് ലക്ഷ്യം കണ്ടത്. മൂന്നു മിനിറ്റിനികം ഇംഗ്ലണ്ട് വീണ്ടും ഇറാഖ് വല ചലിപ്പിച്ചു. ഇത്തവണ ലോഡറുടെ ഊഴമായിരുന്നു. ഗോളിനു വഴിമരുന്നിട്ടത് സ്റ്റീവന്‍ സെസഗ്്നനും. 71ാം മിനിറ്റില്‍ ലോഡര്‍ ഇംഗ്ലണ്ടിന്റെ നാലാം ഗോളും തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി.
അതേസമയം, ഗുവാഹത്തിയില്‍ നടന്ന നിര്‍ണായക മല്‍സരം സമനിലയില്‍ പിരിഞ്ഞെങ്കിലും മെക്്സിക്കോ അവസാന 16ല്‍ കടന്നു. ഗ്രൂപ്പുഘട്ടത്തിലെ മികച്ച മൂന്നാമത്തെ ടീമുകളിലൊന്നായാണ് മെക്സിക്കോയുടെ നോക്കൗട്ട് റൗണ്ട് പ്രവേശനം. എന്നാല്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ചിലി നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു. ശനിയാഴ്ച ലോകകപ്പില്‍ മല്‍സരമില്ല. ഞായറാഴ്ചയാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ തുടങ്ങുന്നത്.