പെണ്ണായത് കൊണ്ട്... പെണ്ണിനെന്താ കുഴപ്പം? എമ — നോർത്ത് ലണ്ടനിലെ പെൺസിംഹം
യൂറോപ്പിൽ അരങ്ങുവാഴുന്ന കാൽപ്പന്തിലെ ആൺകോയ്മയ്ക്ക് ഇടയിൽ ഉയർന്നുവരുന്ന പെൺശബ്ദം --- എമ ഹൈസ്. എല്ലാക്കാലത്തും കായികലോകത്ത് കൂടുതൽ വാഴ്ത്തപ്പെട്ടത് പുരുഷൻമാരെയെന്ന് പറയാതെ വയ്യ. പക്ഷേ ഇക്കുറി അവർക്കൊപ്പം എമാ ഹൈസിനെയും അവരുടെ നീലപെൺപടയെക്കുറിച്ചും ലോകം ചർച്ച ചെയ്തു. സമാനതകളില്ലാതെ വാഴ്ത്തിപ്പാടി. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം വാർത്തകളിൽ ഇടം പിടിച്ചു. അസാമാന്യ പാടവമുള്ള ചെൽസിയുടെ ഈ പെൺ സിംഹത്തെക്കുറിച്ച് പറയാതെ പോകുന്നത് എങ്ങനെ.

പരാജയങ്ങളെ ഇഴകീറി വിലയിരുത്തി, 8 വർഷങ്ങൾ കൊണ്ട് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ടീമായി, യൂറോപ്പിലെ മികച്ച രണ്ടാമത്തെ ടീമാക്കി ചെൽസിയെ മാറ്റിയെങ്കിൽ അതിന് പിന്നിലെ എല്ലാ പ്രശംസയ്ക്കും എമ അർഹയാണ്. ട്രാൻസ്ഫർ വിപണിയെ ഇത്ര കൃത്യതയോടെ മനസ്സിലാക്കി താരങ്ങളെ ടീമിലെത്തിക്കുന്തിൽ എമയുടെ കഴിവ് വേറിട്ടുനിൽക്കുന്നു. ഒരു പക്ഷേ പുരുഷ പരിശീലകരിൽ ഇന്നുള്ള പ്രമുഖരിൽ പലർക്കും മുകളിലാണ് എമ ഇക്കാര്യത്തിൽ.

2012 ൽ ചെൽസിയിലെത്തിയ എമ ട്രാൻസ്ഫർ വിപണിയിൽ തന്റെ ബുദ്ധി കൃത്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയത് 2015 മുതലാണ്. വെസ്റ്റേൺ ന്യൂ യോർക്ക് ഫ്ലാഷിൽ ട്രാൻസ്ഫർ അഡ്വൈസറായി പ്രവർത്തിച്ച പരിചയവും ആർസണൽ ലേഡീസ് ടീമിന്റെ അക്കാദമി ഡയറക്ടറായിരുന്നതുമെല്ലാം എമയ്ക്ക് വിപണിയിൽ സഹായകരമായി. ഇംഗ്ലീഷ് സെന്റർ ഹാഫ് മിലി ബ്രൈറ്റിനെയും സ്വീഡിഷ് ഗോൾകീപ്പർ ഹെഡ്വിക്കിനെയും ടീമിലെത്തിച്ചു. കൃത്യമായ ഇടവേളകളിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ എമ പ്രത്യേകം ശ്രദ്ധിച്ചുപോന്നു.

2021 ൽ ടീം എത്തി നിൽക്കുമ്പോൾ ഫെറാൻ കിർബിയും സാം കെറുമടക്കം ശക്തമായൊരു ടീമുണ്ട് എമയ്ക്ക് കീഴിൽ. 8 വർഷങ്ങൾക്കിടയിൽ 2019-20 / 2020-21 ലെ തുടർച്ചയായ രണ്ട് ടൈറ്റലുകളടക്കം 4 കിരീടങ്ങൾ. രണ്ടുവീതം എഫ് എ കപ്പും ലീഗ് കപ്പും. 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ. ഹെയിസ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും സക്സസ്സ്ഫുൾ പരിശീലകയായി മാറിക്കഴിഞ്ഞു.
താരങ്ങൾക്കിടയിലെ സ്വാധീനമാണ് എമ ഹെയിസ് എന്ന പരിശീലകയുടെ ഏറ്റവും വലിയ വിജയം. ചെൽസി സൂപ്പർ താരം ഫെറാൻ കെർബി ഒരിക്കൽ അത് തുറന്നു പറയുകയുണ്ടായി - "Emma's been incredible. She's been my rock; the person who made sure I was protected from everything".

അമ്മയുടെ മരണത്തോടെ വലിയ ഏകാന്തതയിലേക്കും അതുവഴി ഡിപ്രഷനിലേക്കും വീണുപോയ കെർബിയെ ചേർത്ത് പിടിച്ച് കളത്തിലേക്ക് തിരികെ കൊണ്ടുവന്നത് എമ ഹെയ്സ് ആയിരുന്നു. കെർബിയെന്ന ഇന്നത്തെ വലിയ താരത്തെ വളർത്തിയെടുത്തതും അവർ തന്നെ. അതിന് അവർക്ക് കഴിഞ്ഞത് കളത്തിലെ പരിചയ സമ്പത്തുകൊണ്ട് മാത്രമല്ല. ഗർഭാസ്ഥാവസ്ഥയിൽ തന്നെ ഇരട്ടക്കുട്ടികളിൽ ഒരു മകനെ നഷ്ടമായിട്ടും തകരാതെ തന്റെ ഇനിയുള്ള മകന് തണലായ അമ്മയുടെ, പതിനേഴാം വയസ്സിൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് കരിയർ നഷ്ടമായിട്ടും വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട കാൽപന്തിന്റെ ലോകത്തേക്ക് തിരികെയെത്തിയ സ്ത്രീയുടെ ആത്മധൈര്യത്തിന്റെ കൂടെ ആകെ തുകയാണ്.

യൂറോപ്പിലെ തങ്ങളുടെ ആദ്യ ഫൈനലിൽ പരാജയപ്പെട്ട ശേഷം എമയുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. "മത്സരം തുടങ്ങും മുൻപേ തന്നെ മത്സരം അവസാനിച്ചു. വലിയ ദുഖമുണ്ട്. താരങ്ങളുടെ പരിചയക്കുറവും കാരണമായി. എന്റെ കുട്ടികൾ ചെൽസിയുടെ തലവൻ റോമൻ അബ്രാനോവിച്ചിന് ഒരു വാക്ക് കൊടുത്തിട്ടുണ്ട്. ഞങ്ങൾ വീണ്ടും ഇതേ ഫൈനലിൽ എത്തും. വൈകാതെ. അതുതന്നെ ധാരാളമാണ് എനിക്ക്".

ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ (എമ ഹൈസ്)
സാക്ഷാൽ റോമൻ കളികാണാനെത്തിയെങ്കിൽ തന്നെ ഒരു കാര്യം മനസ്സിലാക്കാം. ചെൽസി ക്ലബ്ബ് എത്രത്തോളം പ്രതീക്ഷയോടെയാണ് തങ്ങളുടെ ലേഡീസ് ടീമിനെ കാണുന്നത് എന്ന്. എമയുടെ വാക്കുകളെ വിശ്വസിക്കാം. അവർ തിരിച്ചുവരും. യൂറോപ്പിന്റെ തലപ്പത്ത്. കിരീടം ഉയർത്താൻ. ചെൽസിയുടെ ഇതിഹാസ പരിശീലകർ ആരൊക്കെയാണെന്ന് ചോദിച്ചാൽ, പെണ്ണിനെ പിന്നാക്കം നിർത്താതെ അഭിമാനത്തോടെ പറയണം അത് എമ ഹെയിസും ജോസ് മൗറീന്യോയുമൊക്കെയാണെന്ന്...
പെണ്ണായതുകൊണ്ട്... പെണ്ണിനെന്താ കുഴപ്പം...
ഗുഡ് ലക് എമ ഹെയ്സ്!
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications