മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സലോണുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ തുടരാക്രണങ്ങളിലൂടെ ഞെട്ടിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധം ചെറുത്തു. മത്സരം സമനിലയിലായതോടെ പോയന്റ് നിലയില്‍ ബാഴ്‌സലോണതന്നെയാണ് ഒന്നാം സ്ഥാനത്ത്. 17 കളികളില്‍നിന്നും ബാഴ്‌സയ്ക്കും റയലിനും 36 പോയന്റുവീതമുണ്ട്. ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണ മുന്നില്‍ നില്‍ക്കുന്നു.
ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ സെമിയില്‍ കടന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡിനെ 3-1നാണ് പരാജയപ്പെടുത്തിയത്. ജൊവാവോ കാന്‍സെലോ(22), റഹീം സ്‌റ്റെര്‍ലിങ്(50, 70) എന്നിവര്‍ സിറ്റിക്കായും മാറ്റി ടെയ്‌ലര്‍(46) എതിരാളികള്‍ക്കായും ഗോള്‍ നേടി. കോള്‍ചെസ്റ്റര്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളുകള്‍ക്കും തോല്‍പ്പിച്ചു. റാഷ്‌ഫോര്‍ഡ്(51), ജാക്‌സണ്‍(56, സെല്‍ഫ് ഗോള്‍), മാര്‍ഷ്യല്‍(61) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. എവര്‍ട്ടനും ലെസ്റ്ററും രണ്ടുഗോള്‍വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. സെമിയില്‍ യുണൈറ്റഡ് സിറ്റിയേയും ലെസ്റ്റര്‍ ആസ്റ്റണ്‍വില്ലയേയും നേരിടും.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് ജയം സ്വന്തമാക്കി. 3-1ന് ഫ്രെയ്ബര്‍ഗിനേയാണ് ബയേണ്‍ മറികടന്നത്. മറ്റു മത്സരഫലങ്ങള്‍, ഹെര്‍ത്ത 1-0 ലെവര്‍കുസന്‍, കോളിന്‍ 4-2 ഫ്രാങ്ക്ഫുര്‍ട്ട്, ഗ്ലാഡ്‌ബെഷ് 2-0 പാഡെര്‍ബോണ്‍, വോള്‍ഫ്‌സ്ബര്‍ഗ് 1-1 ഷാല്‍ക്കെ. ലീഗില്‍ 16 കളികളില്‍നിന്നും 34 പോയന്റുമായി ലെയ്പ്‌സിഗ് മുന്നില്‍ നില്‍ക്കുന്നു. 15 കളികളില്‍നിന്നും 34 പോയന്റുള്ള ഗ്ലാഡ്‌ബെഷ് ആണ് രണ്ടാം സ്ഥാനത്ത്.