മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള വിയ്യാറയലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. എയ്ബറിനെതിരായ എവേ മാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയല്‍ അട്ടമറിക്കപ്പെട്ടു. പത്ത് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുള്ള വിയ്യാറയല്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. 21 പോയിന്റുള്ള സെവിയ്യയാണ് നാലാം സ്ഥാനത്ത്.
പന്ത്രണ്ട് പോയിന്റുമായി മത്സരം ആരംഭിച്ച എയ്ബര്‍ ജയത്തോടെ മൂന്ന് പോയിന്റ് കൂടി നേടി ആദ്യ പത്തില്‍ ഇടം പിടിച്ചു. പതിനഞ്ച് പോയിന്റുള്ള എയ്ബര്‍ എട്ടാം സ്ഥാനത്താണിപ്പോള്‍.
അത്ലറ്റിക്കോ ബില്‍ബാവോയുടെ തട്ടകത്തില്‍ ഒസാസുന 1-1ന് വിജയ സമാനമായ സമനില കണ്ടെത്തി. പത്ത് മത്സരങ്ങളില്‍ ഏഴ് പോയിന്റ് മാത്രമുള്ള ഒസാസുന ഇരുപത് ടീമുകള്‍ മാറ്റുരക്കുന്ന ലാ ലിഗയില്‍ പത്തൊമ്പതാം സ്ഥാനത്താണ്.
ടേബിളിലെ തുല്യശക്തികളുടെ പോരില്‍ എസ്പാനിയോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ ബെറ്റിസിന്റെ തട്ടകത്തില്‍ ജയിച്ചു. പത്ത് മത്സരങ്ങളില്‍ എസ്പാനിയോള്‍ 11 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്ത്. പതിമൂന്നാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസിനും പതിനൊന്ന് പോയിന്റാണ്.
ലാസ് പല്മാസും സെല്റ്റവിഗോയും തമ്മിലുള്ള മത്സരത്തില്‍ ആറ് ഗോളുകളാണ് സംഭവിച്ചത്. 3-3 ന് സമനിലയായി. പതിനാല് പോയിന്റുമായി സെല്‍റ്റ ഒമ്പതാം സ്ഥാനത്തും പതിമൂന്ന് പോയിന്റുമായി ലാസ് പല്‍മാസ് പത്താംസ്ഥാനത്തും.
ഗോള്‍ നില
എയ്ബര്‍ 2-1 വിയ്യാറയല്‍
അത്ലറ്റിക്കോ ബില്‍ബാവോ 1-1 ഒസാസുന
റയല്‍ ബെറ്റിസ് 0-1 എസ്പാനിയോള്‍
ലാസ് പാല്‍മാസ് 3-3 സെല്‍റ്റ വിഗോ