മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എട്ട് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ നാപോളിക്ക് ജയം. ടൊറിനോയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നാപോളി തോല്‍പ്പിച്ചത്. പതിനേഴാം റൗണ്ടില്‍ ജയിച്ചതോടെ നാപോളി മുപ്പത്തിനാല് പോയിന്റുമായി ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
ഫിയോറന്റീനയെ ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ലാസിയോയും മുപ്പത്തിനാല് പോയിന്റുമായി ലീഗില്‍ സജീവസാന്നിധ്യമാകുന്നു. ഗോള്‍ശരാശരിയില്‍ നാപോളിക്ക് പിറകിലായ ലാസിയോ നാലാം സ്ഥാനത്തുണ്ട്. നാല്‍പ്പത്തിരണ്ട് പോയിന്റുമായി യുവെന്റസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. മുപ്പത്തഞ്ച് പോയിന്റുള്ള എ എസ് റോമയുടെ രണ്ടാം സ്ഥാനത്തിനാണ് നാപോളിയും ലാസിയോയും ഭീഷണി ഉയര്‍ത്തുന്നത്.

ഡ്രൈസ് മെര്‍ട്ടെന്‍സ് എന്ന പുപ്പുലി
നാപോളിയുടെ സൂപ്പര്‍ താരമായി മാറുകയാണ് ഡ്രൈസ് മെര്‍ട്ടെന്‍സ് എന്ന ബെല്‍ജിയം താരം. ടൊറിനോക്കെതിരെ നാല് ഗോളുകളാണ് മെര്‍ട്ടെന്‍സ് അടിച്ച് കൂട്ടിയത്. കഴിഞ്ഞാഴ്ച കാഗ്ലിയാരിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നാപോളി ജയിച്ചപ്പോഴും മെര്‍ട്ടെന്‍സ് ഹാട്രിക്കുമായി തിളങ്ങിയിരുന്നു. ഏഴ് ദിവസത്തിനിടെ ഏഴ് ഗോളുകളാണ് രണ്ട് ഹാട്രിക്കിലൂടെ മെര്‍ട്ടെന്‍സ് നേടിയത്. ഇതാകട്ടെ റെക്കോര്‍ഡ് ബുക്കില്‍ കയറുകയും ചെയ്തു. 1974ന് ശേഷം സീരി എയില്‍ തുടരെ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ഡ്രൈസ് മെര്‍ട്ടെന്‍സ് മാറി.
ഗോള്‍ നില
നാപോളി 5-3 ടൊറിനോ
സസോലോ 0-1 ഇന്റര്‍മിലാന്‍
ചീവോ 2-1 സാംഡോറിയ
പെസ്‌കാര 0-3 ബൊളോഗ്ന
ഉദിനിസെ 2-0 ക്രോട്ടന്‍
ജെനോവ 3-4 പാലെര്‍മോ
ലാസിയോ 3-1 ഫിയോറന്റീന