പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ട് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബുകളിലേക്ക് ചേക്കേറിയ ഫ്രഞ്ച് താരം ദിമിത്രി പയെറ്റിനും ഡച്ച് സ്‌ട്രൈക്കര്‍ മെംഫിസി ഡിപേക്കും ഗോള്‍.
വെസ്റ്റ് ഹാം യുനൈറ്റഡില്‍ നിന്ന് മാഴ്‌സെയിലെത്തിയ മിഡ്ഫീല്‍ഡര്‍ ദിമിത്രി പയെറ്റ് ഫ്രീകിക്കിലൂടെയാണ് പുതിയ ലീഗില്‍ ആദ്യ ഗോള്‍ കുറിച്ചത്. മത്സരത്തില്‍ മാഴ്‌സെ 2-0ന് ഗ്യുന്‍ഗാംപിനൈ തോല്‍പ്പിച്ചു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ ഡിപേയാകട്ടെ പകരക്കാരന്റെ റോളിലെത്തിയാണ് തന്റെ പുതിയ ക്ലബ്ബായ ലിയോണിന് സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ ലിയോണ്‍ 4-0ന് നാന്‍സിയെ തോല്‍പ്പിച്ചു. ലിയോണിനായി ഡച്ച് താരം ഒരു പെനാല്‍റ്റി നേടിക്കൊടുക്കുകയും ചെയ്തു. ഇതാണ് മൂന്നാം ഗോളായി മാറിയത്. അലക്‌സാന്‍ഡ്രെ ലകാസറ്റെയാണ് പെനാല്‍റ്റി കിക്കെടുത്തത്. വല്‍ബ്യൂന, നാബില്‍ ഫെകിര്‍ എന്നിവരും ലിയോണിനായി സ്‌കോര്‍ ചെയ്തു. വല്‍ബ്യൂനക്ക് പകരക്കാരനായിട്ടാണ് ഡിപെ കളത്തിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലിയോണില്‍ എത്തിയതിന് ശേഷം നാലാം ലീഗ് മത്സരത്തിലാണ് ഡിപെ ഗോള്‍ എക്കൗണ്ട് തുറക്കുന്നത്.