ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരില്‍ ആരാണ് മികച്ചവനെന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചാ വിഷയമാണ്. കണക്കുകള്‍ പ്രകാരം മെസിക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ റൊണാള്‍ഡോ ആരാധകര്‍ ഇത് അംഗീകരിക്കില്ലെന്നതാണ് വസ്തുത. കണക്കുകള്‍ പ്രകാരം റൊണാള്‍ഡോ അഞ്ച് ബാലന്‍ദ്യോര്‍ നേടിയപ്പോള്‍ മെസി എട്ട് തവണയാണ് മെസി ബാലന്‍ദ്യോര്‍ നേടിയത്. മെസി അര്‍ജന്റീനക്കൊപ്പം ലോകകപ്പ് കിരീടവും കോപ്പാ അമേരിക്കയും നേടി.
നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച് ജയിക്കാന്‍ മെസിക്ക് സാധിച്ചു. അതേ സമയം റൊണാള്‍ഡോക്ക് ഇതുവരെ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. മെസി ജന്മസിദ്ധമായ കഴിവുകള്‍ക്കൊണ്ട് കളിച്ച് മികവ് കാട്ടുന്ന താരമാണെങ്കില്‍ റൊണാള്‍ഡോയാവട്ടെ കഠിനാധ്വാനത്തിലൂടെ സൂപ്പര്‍ താരമായി വളര്‍ന്നവനാണ്. പല സൂപ്പര്‍ പരിശീലകരും ഇതിനോടകം മെസി, റൊണാള്‍ഡോ എന്നിവരിലെ മികച്ചവനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ അത്‌ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി ഇവരിലെ മികച്ചവന്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്.
മെസിയാണ് എക്കാലത്തേയും മികച്ചവനെന്നാണ് സിമിയോണി പറയുന്നത്. 'മെസിയാണ് ഏറ്റവും മികച്ചത്. ബാഴ്‌സലോണയില്‍ മികച്ച താരങ്ങളോടൊപ്പം കളിച്ചപ്പോള്‍ ഏറ്റവും മനോഹരമായ പ്രകടനങ്ങളാണ് കാണാനായത്. റൊണാള്‍ഡോയെക്കാള്‍ മികച്ചവനായി ഞാന്‍ മെസിയെ തിരഞ്ഞെടുക്കും. റൊണാള്‍ഡോ മികച്ച ഫിറ്റ്‌നസുള്ള താരമാണ്. എന്നാല്‍ മികച്ച എതിരാളികളോടൊപ്പം കളിക്കുമ്പോള്‍ മെസിയാണ് ഏറ്റവും കേമന്‍' സിമിയോണി പറഞ്ഞു.
പല പ്രമുഖ പരിശീലകരുടേയും ഇഷ്ട താരം മെസിയാണെന്നതാണ് വസ്തുത. റൊണാള്‍ഡോയുടെ ഒപ്പം കളിച്ചിരുന്നവരില്‍ പലരും മെസിയുടെ കടുത്ത ആരാധകരാണ്. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന സെര്‍ജിയോ റാമോസ് മെസിയെ മികച്ചവനെന്നും എക്കാലത്തേയും ബെസ്റ്റ് എന്നും വിളിച്ചത് ഇതിന് ഉദാഹരണമാണ്. ആരാധകരുടെ ഹൃദയങ്ങളിലും റൊണാള്‍ഡോയേക്കാള്‍ മുന്‍തൂക്കം മെസിക്കാണെന്ന് തന്നെ പറയാം.

കഴിഞ്ഞിടെ റൊണാള്‍ഡോ താനാണ് ഏറ്റവും മികച്ചവനെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും താരത്തിന് നേരിടേണ്ടി വന്നു. മറ്റ് താരങ്ങളുടെ ആരാധകരോട് എതിര്‍പ്പില്ലെന്നും എന്നാല്‍ എല്ലാം തികഞ്ഞ താരം താനാണെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്. നിലവില്‍ സൗദി ക്ലബ്ബിനൊപ്പമാണ് റൊണാള്‍ഡോ. അല്‍ നാസര്‍ ക്ലബ്ബുമായി ഒരു വര്‍ഷത്തെ പുതിയ കരാറാണ് റൊണാള്‍ഡോ ഒപ്പിട്ടിരിക്കുന്നത്.
റൊണാള്‍ഡോയെ പരിഹസിച്ച് അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡീ മരിയയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോളിലെ ഏറ്റവും മികച്ചവന്‍ ആരാണെന്ന് അറിയാന്‍ ബാലന്‍ദ്യോര്‍ എണ്ണി നോക്കിയാല്‍ മതിയെന്നാണ് ഡീ മരിയ പറഞ്ഞത്. മെസിയുടെ അടുത്ത സുഹൃത്തുകൂടിയായ ഡീ മരിയയുടെ കമന്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.