ന്യൂയോര്‍ക്ക്: ദിദിയര്‍ ദ്രോഗ്ബ ചൊടിച്ചു കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ഏത് കൊല കൊമ്പന്‍ പറഞ്ഞാലും ആ ചൊടി പെട്ടെന്ന് മാറ്റുവാന്‍ ഐവറികോസ്റ്റുകാരന്‍ ഒരുക്കമാകില്ല. അതാണ് ആ ആഫ്രിക്കക്കാരന്റെ പ്രകൃതം. മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയാല്‍ ഇംപാക്ടിന്റെ താരമായ ദ്രോഗ്ബ കഴിഞ്ഞ ദിവസം ക്ലബ്ബിനായി ഗ്രൗണ്ടിലിറങ്ങില്ലെന്ന പിടിവാശി കാണിച്ചു.
മോണ്‍ട്രിയാല്‍ ഇംപാക്ട് കോച്ച് മൗറോ ബെല്ലോയോട് ചൊടിച്ചിട്ടായിരുന്നു ഇത്. ടൊറോന്റോക്കെതിരായ മത്സരത്തില്‍ കോച്ച് തയ്യാറാക്കിയ ഫസ്റ്റ് ലൈനപ്പില്‍ ഇടം ലഭിക്കാത്തതാണ് പ്രശ്‌നമായത്. ഇതോടെ ദ്രോഗ്ബയുടെ മട്ടും ഭാവവും മാറി. പകരക്കാരനായി കളിക്കുക എന്നത് മുന്‍ സൂപ്പര്‍ താരത്തിന് ആലോചിക്കുവാനേ സാധിക്കില്ലായിരുന്നു.

സൈഡ് ബെഞ്ചിലിരിക്കാനാണെങ്കില്‍ വേറെ ആളെ നോക്കണം എന്നതാണ് ലൈന്‍. അതുകൊണ്ട് കളത്തിലിറങ്ങില്ലെന്ന് നിലപാട് സ്വീകരിച്ചു താരം. ചെല്‍സിയില്‍ കളിക്കുമ്പോള്‍ ജര്‍മന്‍ സഹതാരം മൈക്കല്‍ ബല്ലാക്കുമായി എന്നും പ്രശ്‌നമായിരുന്നു. ഫ്രീകിക്കെടുക്കുന്നത് സംബന്ധിച്ച് ബല്ലാക്കും ദ്രോഗ്ബയും അടിപടിയായിരുന്നു.
മുപ്പത്തെട്ടുകാരനായ മുന്‍ ചെല്‍സി സ്‌ട്രൈക്കര്‍ക്ക് പരുക്കുള്ളതിനാലാണ് ആദ്യ ലൈനപ്പില്‍ നിന്ന് കോച്ച് മാറ്റിനിര്‍ത്തിയത്. എന്നാല്‍, പരുക്കൊന്നും പ്രശ്‌നമല്ലെന്നും കളിക്കണമെന്നുമായിരുന്നു ദ്രോഗ്ബയുടെ താത്പര്യം. ഇത് വകവെച്ച് കൊടുക്കുവാന്‍ കോച്ച് തയ്യാറല്ലായിരുന്നു. ദ്രോഗ്ബയില്ലാതെ കളിച്ച മോണ്‍ട്രിയാല്‍ 2-2ന് ടൊറൊന്റോയോട് സമനിലയിലായി. 2015 ലാണ് ദ്രോഗ്ബ ചെല്‍സിയില്‍ നിന്ന് മോണ്‍ട്രിയാലില്‍ എത്തുന്നത്. നടപ്പ് സീസണില്‍ 21 മത്സരങ്ങളില്‍ പത്ത് ഗോളുകള്‍ ദ്രോഗ്ബ മോണ്‍ട്രിയാലിനായി സ്‌കോര്‍ ചെയ്തു.