നിങ്ങളെന്താ ലോകകപ്പ് ജയിച്ചോ?! നെയ്മറിന്റെ ട്രോളില്‍ അര്‍ജന്റീന ഫ്ലാറ്റ്!
അതിനവര്‍ ലോകകപ്പ് ജേതാക്കളായോ? ഇന്‍സ്റ്റഗ്രാമില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഇട്ടൊരു പോസ്റ്റിന് പിറകെയാണ് ബ്രസീല്‍-അര്‍ജന്റീന ഫാന്‍സ്! ഫൈനലിസിമ കപ്പ് വിജയത്തിന് ശേഷം അര്‍ജന്റീന കളിക്കാര്‍ നടത്തിയ ആഹ്ലാദപ്രകടനം അതിരുവിട്ട് ബ്രസീലിന് നേരെ തിരിഞ്ഞു. ഇതാണ് നെയ്മറെ ചൊടിപ്പിച്ചത്. അര്‍ജന്റീന ഡിഫന്‍ഡര്‍ നികോളാസ് ഓടമെന്‍ഡി പുറത്തു വിട്ട ആഘോഷ വീഡിയോയിലാണ് ബ്രസീലിനെ പരിഹസിച്ചു കൊണ്ടുള്ള ഈരടികള്‍ ഉണ്ടായത്. ബ്രസീലുകാരേ, എന്ത് സംഭവിച്ചു? അഞ്ച് തവണ ചാമ്പ്യന്‍മാരായവരെ കുപ്പിയിലടച്ചു! കോപ അമേരിക്കയുമായി മെസി റിയോ വിട്ടു. ഇങ്ങനെ പോകുന്നു, അര്‍ജന്റീന കളിക്കാരുടെ ബ്രസീല്‍ പരിഹാസം.

എന്നാല്‍, ഈ പരിഹാസക്കാരെ വെറുതെ വിടാന്‍ നെയ്മര്‍ ഒരുക്കല്ലായിരുന്നു. അര്‍ജന്റീന ലോകകപ്പൊന്നും ജയിച്ചിട്ടില്ലല്ലോ ഇങ്ങനെ തിമിര്‍ത്താഘോഷിക്കാന്‍ എന്ന കൂരമ്പാണ് നെയ്മര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തൊടുത്തു വിട്ടത്. അത് ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അര്‍ജന്റീന ഫാന്‍സ് അതിനെതിരെയും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ, സെപ്തംബറില്‍ നടക്കാനിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തിന് പുത്തന്‍ ആവേശം കൈവന്നിരിക്കുകയാണ്.

പി എസ് ജിയില്‍ നെയ്മറും മെസിയും ഒരുമിച്ചു കളിക്കുന്നവരാണ്. ബാഴ്‌സലോണയിലെ ഇവരുടെ സൗഹൃദം വിശ്വപ്രസിദ്ധമാണ്. കോപ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ പരാജയപ്പെട്ടപ്പോള്‍ മെസി ആദ്യം ചെന്നത് നെയ്മറിനെ ആശ്വസിപ്പിക്കാനായിരുന്നു. അര്‍ജന്റീനക്കാരുടെ ആഘോഷങ്ങള്‍ക്ക് ശേഷം മെസിയും പി എസ് ജിയിലെ മറ്റൊരു സുഹൃത്ത് ലിയാന്‍ഡ്രോ പെരെസിനുമൊപ്പം സൗഹൃദം പങ്കിടുന്ന നെയ്മറിന്റെ ഫോട്ടോ വൈറലായിരുന്നു.

അര്‍ജന്റീന-ബ്രസീല്‍ പോരാട്ട വേദിയിലെ വൈരം കുറയ്ക്കാന്‍ നെയ്മര്‍-മെസി സൗഹൃദത്തിന് കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിരുന്നു. എന്നാല്‍, യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഫൈനലിസിമയില്‍ തോല്‍പ്പിച്ചതിന് ശേഷം അര്‍ജന്റീന ടീം നടത്തിയ അതിരുവിട്ട ആഹ്ലാദപ്രകടനം വൈരം പുനസ്ഥാപിച്ചിരിക്കുന്നു. നെയ്മര്‍ തന്നെയാണ് അര്‍ജന്റീനക്കാരെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത് എന്നതും പ്രസക്തം. അര്‍ജന്റീനക്കാര്‍ കോപക്ക് പിന്നാലെ ഫൈനലിസിമ നേടിയപ്പോള്‍ ബ്രസീല്‍ തങ്ങളുടെ ആരാധകരെ ആശ്വസിപ്പിച്ചത് ദക്ഷിണകൊറിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ടായിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു. കൊറിയക്കെതിരെ റിചാര്‍ലിസനും ഫിലിപ് കുടീഞ്ഞോയും ഗബ്രിയേല്‍ ജീസസും സ്‌കോര്‍ ചെയ്തു.

ഇതില്‍ നെയ്മര്‍ നേടിയ പെനാല്‍റ്റി ഗോള്‍ വൈറലായിരിക്കുകയാണ്. കൊറിയന്‍ ഗോളിയെ കബളിപ്പിച്ചു കൊണ്ട് നെയ്മര്‍ പതിയെ തള്ളിവിട്ട പന്ത് ഉരുണ്ട് വലയില്‍ കയറി. ഇത്ര അനായാസമായിട്ട് പെനാല്‍റ്റി ഗോളാക്കാന്‍ പറ്റുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ബ്രസീലിനായി 118 മത്സരം കളിച്ച നെയ്മര്‍ 73 അന്താരാഷ്ട്ര ഗോളുകളും പൂര്‍ത്തിയാക്കി. മുപ്പത് വയസുള്ള നെയ്മര്‍ക്ക് പെലെയുടെ റെക്കോര്‍ഡിലെത്താന്‍ നാല് ഗോളുകള്‍ കൂടി മതി. ബ്രസീല്‍-കൊറിയ മത്സരത്തിലെ ശ്രദ്ധേയ താരങ്ങള്‍ നെയ്മറും കൊറിയയുടെ ടോട്ടനം സ്‌ട്രൈക്കര്‍ സണ്‍ ഹ്യുംഗ് മിനുമായിരുന്നു. താന്‍ ഏറെ ആരാധിക്കുന്ന നെയ്മറുമായി ജഴ്‌സി പങ്കുവെക്കാന്‍ സാധിച്ചുവെന്നാണ് മത്സരശേഷം കൊറിയന്‍ സൂപ്പര്‍ താരം പറഞ്ഞത്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം നെയ്മറാണെന്നും സണ്‍ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കുറിച്ചിട്ടു.

ടോട്ടനം ഹോസ്പറില്‍ സണ്‍ ഹ്യുംഗ് മിന്റെ കളി ഏറെ കണ്ടിട്ടുണ്ട് നെയ്മര്‍. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് നെയ്മര്‍ സണ്‍ ഹ്യുംഗ് മിനെ വിശേഷിപ്പിച്ചത്. നെയ്മറിന് തന്നെ അറിയാം എന്നത് പോലും കൊറിയന്‍ താരം അതിശയത്തോടെയും അഭിമാനത്തോടെയുമാണ് രേഖപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ വേഗതയുമായി പൊരുത്തപ്പെട്ട് സണ്‍ നേടുന്ന ഗോളുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. സ്വന്തം ഹാഫില്‍ നിന്ന് സോളോ റണ്‍ ചെയ്ത് നേടിയ ഗോള്‍ കരിയറിലെ ഏറ്റവും മികച്ചതാണ്. നെയ്മറിനെ പോലുള്ള വലിയ താരങ്ങള്‍ പോലും സണ്ണിന്റെ ആ സൂപ്പര്‍ ഗോളിന്റെ ആരാധകനാണെന്നതാണ് യാഥാര്‍ഥ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications