ബാഴ്‌സലോണ: പന്തുമായി ഒറ്റക്ക് കുതിച്ച് ഡിയഗോ മറഡോണ 1986 ലോകകപ്പില്‍ നേടിയ ഗോള്‍ ലോകഫുട്‌ബോളിലെ മഹത്തായ ഗോളായിട്ടാണ് വാഴ്ത്തുന്നത്. എന്നാല്‍, മെസി അതുപോലുള്ള ഗോളുകള്‍ എത്രയെണ്ണം അടിച്ചെന്ന് മെസിക്ക് തന്നെ അറിയില്ല. കഴിഞ്ഞ ദിവസം സെല്‍റ്റവിഗോയെ ബാഴ്‌സ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ മെസി ഇതുപോലൊരു ഗോള്‍ നേടി. മത്സരത്തിലെ ആദ്യ ഗോളായിരുന്നു ഇത്. മധ്യഭാഗത്ത് നിന്ന് പന്ത് നെഞ്ചില്‍ സ്വീകരിച്ച് ടേണ്‍ ചെയ്ത മെസി ഒറ്റക്കുതിപ്പായിരുന്നു ബോക്‌സിലേക്ക്. അഞ്ച്ഡിഫന്‍ഡര്‍മാരും ഗോളിയും പ്രതിരോധം തീര്‍ത്ത ബോക്‌സിനുള്ളിലേക്ക് കയറാതെ മെസി അത്ഭുതഗോള്‍ അടിച്ചു.
ഇതിന് ശേഷം മെസി ഗോള്‍ ആഹ്ലാദം പ്രകടിപ്പിച്ചത് വലിയ ചര്‍ച്ചക്കിടയാക്കി. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ആഹ്ലാദപ്രകടനം. വി ഐ പി സ്റ്റാന്‍ഡിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ഫോണ്‍ റിസീവര്‍ പോലെ ആംഗ്യം കാണിച്ചു. ഇത് മത്സരം കാണാനെത്തിയ ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ടോമുവിനോടായിരുന്നുവെന്നാണ് പ്രചരിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ ബാഴ്‌സയില്‍ കരാര്‍ അവസാനിക്കുന്ന മെസിക്ക് ആകര്‍ഷകമായ കരാര്‍ ഇനിയും ക്ലബ്ബ് പ്രസിഡന്റ് മുന്നോട്ട് വെച്ചിട്ടില്ല. ലോകഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം തന്നെയാണ് മെസി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തോട് ജോസഫ് മരിയ പ്രതികരിച്ചിട്ടില്ല. മനോഹരമായ ഗോള്‍ നേടിയ ശേഷം എത്രയും പെട്ടെന്നായിക്കോട്ടെ കരാര്‍ ചര്‍ച്ച എന്നതാകാം മെസി ഉദ്ദേശിച്ചിരിക്കുകയെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍.
കഴിഞ്ഞാഴ്ചയില്‍ ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ സീസണോടെ ബാഴ്‌സ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച കരാര്‍ നല്‍കാന്‍ ബാഴ്‌സ മാനേജ്‌മെന്റ് ഒരുക്കമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് എന്റിക്വെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.