ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ഡല്‍ഹി ഡൈനമോസിന് ആവേശ സമനില(3-3). ക്രിസ്റ്റ്യന്‍ വഡോസ് (33,39) മുംബൈക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. സൂപ്പര്‍ താരം സോണി നോര്‍ദെ (68)യാണ് മുംബൈയുടെ മൂന്നാം ഗോള്‍ നേടിയത്. ആതിഥേയര്‍ക്കായി റിചാര്‍ഡ് ഗാസെ (51), ബദാര ബാജി (76), മാര്‍സെലിഞ്ഞോ (82, പെനാല്‍റ്റി) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തും നാല് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ആദ്യ പകുതിയില്‍ ആറ് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി ക്രിസ്റ്റ്യന്‍ വഡോസ് മത്സരം മുംബൈക്ക് അനുകൂലമാക്കി. ആതിഥേയരുടെ തുടര്‍ ആക്രമണങ്ങളോടെയാണ് മത്സരം സജീവമായത്. എന്നാല്‍, പതിയെ മുംബൈ കളം പിടിച്ചെടുത്തു. പ്രതിരോധം കീറിമുറിച്ച് ലിയോ കോസ്റ്റ നല്‍കിയ പാസ് വഡോസിന് ബോക്‌സിലേക്ക് കയറി ഷൂട്ട് ചെയ്യേണ്ട ജോലി മാത്രമാണ് അവശേഷിപ്പിച്ചത്.
രണ്ടാം ഗോളിന് വഴിയൊരുക്കിയത് സോണി നോര്‍ദെയുടെ ഫ്രീകിക്കാണ്. ക്രോസ് ബാറില്‍ തട്ടി മടങ്ങിയ നോര്‍ദെയുടെ ഗോള്‍ ശ്രമം ഞൊടിയിടയില്‍ വഡോസ് ഗോളാക്കി മാറ്റി. തക്കം പാര്‍ത്ത് നിന്ന മുപ്പത്തൊന്നുകാരന്‍ വെപ്രാളപ്പെടാതെ മികച്ചൊരു ഹെഡറിലൂടെ അത് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഡല്‍ഹി ഉണര്‍ന്ന് കളിച്ചു. വിസില്‍ മുഴങ്ങി ആറാം മിനുട്ടില്‍ മലൂദയും മാര്‍സെലിഞ്ഞോയും നടത്തിയ മുന്നേറ്റം ഗാസെയുടെ ഗോളില്‍ കലാശിച്ചു. എന്നാല്‍, നോര്‍ദെയിലൂടെ മുംബൈ നല്‍കിയ മറുപടി ഡല്‍ഹിക്ക് പ്രഹരമായി (3-1). എന്നാല്‍, പകരക്കാരന്‍ ബാജി ഗോളി റോബര്‍ട് വൊല്‍പാടോയുടെ വലയില്‍ പന്തെത്തിച്ച് പ്രതീക്ഷ നല്‍കി (3-2). എണ്‍പത്തിരണ്ടാം മിനുട്ടില്‍ വൊല്‍പാടോ ബോക്‌സിനുള്ളില്‍ ഗാസെയെവീഴ്ത്തിയതിന് പെനാല്‍റ്റി. മാര്‍സെലിഞ്ഞോക്ക് പിഴച്ചില്ല (3-3).