ലണ്ടന്‍: സീസണില്‍ ചെല്‍സി വിടുമെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ചെല്‍സിയുടെ പ്രതിരോധതാരം ഡേവിഡ് ലൂയിസ്. ചെല്‍സിക്കൊപ്പം തുടരുമെന്നും ടീമിനുവേണ്ടി കൂടുതല്‍ കിരീടങ്ങളില്‍ പങ്കാളിയാകുകയാണ് ലക്ഷ്യമെന്നും ലൂയിസ് പറഞ്ഞു. പരിക്കും ഫോമില്ലായ്മയും മൂലം കഴിഞ്ഞ സീസണില്‍ കൂടുതല്‍ കളികളില്‍ ലൂയിസ് പുറത്തായിരുന്നു.
മുന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ കീഴില്‍ ആകെ 10 മത്സരങ്ങളില്‍ മാത്രമാണ് ലൂയിസിന് കളിക്കാനായത്. ഇതോടെ, റഷ്യ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംകണ്ടെത്താനുമായില്ല. ചെല്‍സിയുടെ പ്രീസീസണ്‍ കളികളില്‍ ലൂയിസ് ഇറങ്ങിയിരുന്നു. പുതിയ പരിശീലകന്‍ മൗറീസിയോ സാറിയുടെ വിശ്വാസം പിടിച്ചുപറ്റാനായാല്‍ സീസണില്‍ കൂടുതല്‍ മത്സരങ്ങളില്‍ ലൂയിസിന് ഇടംകണ്ടെത്താനായേക്കും.

പിഎസ്ജിയില്‍ നിന്നും തിരിച്ചെത്തിയത് ചെല്‍സിയില്‍ തുടരാനും പ്രീമിയര്‍ ലീഗ് കിരീടം നേടാനുമാണ്. മൗറീസിയോ സാറിയുടെ ഫിലോസഫി തനിക്കഷ്ടമാണ്. ഇവിടെ താന്‍ സന്തോഷവാനുമാണ്. മറ്റു കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലൂയിസ് വ്യക്തമാക്കി. ആഴ്‌സണലുമായി പ്രീസീസണ്‍ മത്സരം ചെല്‍സി കളിക്കുന്നുണ്ട്. കൂടാതെ, ഓഗസ്ത് അഞ്ചിന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കമ്യൂണിറ്റി ഷീല്‍ഡിനായും ചെല്‍സി കളിക്കും.