ന്യൂയോര്‍ക്ക്: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ഇനി പുതിയ റോളില്‍. നേരത്തേ താരമായി കളിക്കളത്തില്‍ കസറിയ ബെക്കാമിനെ ഇനി ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥനായി ആരാധകര്‍ക്കു കാണാം. സ്വന്തമായൊരു ടീമിനെ തന്നെ സ്വന്തമാക്കി വീണ്ടുമൊരിക്കല്‍ കൂടി ഫുട്‌ബോളിനെ കാല്‍ക്കീഴിലാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗില്‍ മയാമി ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശമാണ് ബെക്കാം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
2020ലായിരിക്കും ബെക്കാമിന്റെ കീഴിലുള്ള ടീം മേജര്‍ സോക്കര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുക. ഔദ്യോഗിക സ്‌റ്റേഡിയം പണിയുന്നതു വരെ മറ്റേതെങ്കിലും സ്‌റ്റേഡിയത്തിലായിരിക്കും ടീമിന്റെ മല്‍സരങ്ങള്‍ നടക്കുക. തന്റെ ടീമിന്റെ പേര് ബെക്കാം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സൗത്ത് ഫ്‌ളോറിഡ കേന്ദ്രീകരിച്ചുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിക്കാനായിരുക്കു ബെക്കാം പദ്ധതിയിട്ടത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇതു യാഥാര്‍ഥ്യമായില്ല. ഇതോടെയാണ് മയാമി കേന്ദ്രീകരിച്ച് അദ്ദേഹം പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്. ബെക്കാമിനെ കൂടാതെ അഞ്ചു പേര്‍ക്കു കൂടി ടീമില്‍ ഓഹരിയുണ്ട്. വര്‍ഷങ്ങളായുള്ള തന്റെ സ്വപ്‌നമായിരുന്നു ഇതെന്ന് ടീം പ്രഖ്യാപന വേളയില്‍ ബെക്കാം പ്രതികരിച്ചു.