അയാക്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടരെ തോല്‍വികളേറ്റു വാങ്ങിയതോടെ ഹോളണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഡാനി ബ്ലിന്‍ഡ് തെറിച്ചു. റോയല്‍ ഡച്ച് ഫുട്‌ബോള്‍ അസോസിയേഷ (കെ എന്‍ വി ബി)ന്റെതാണ് തീരുമാനം. 2016 ലാണ് ഗസ് ഹിഡിങ്കിന്റെ പിന്‍ഗാമിയായി അയാക്‌സിന്റെ ഇതിഹാസതാരമായ ഡാനി ബ്ലിന്‍ഡിനെ ഹോളണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ബള്‍ഗേറിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്‌തോറ്റതോടെ ഹോളണ്ട് ലോകകപ്പ് യോഗ്യത നേടില്ലെന്ന ഘട്ടത്തിലാണ്.
ബള്‍ഗേറിയക്കെതിരെ പതിനേഴ് വയസുള്ള അയാക്‌സിന്റെ ഭാവി വാഗ്ദാനം മാത്യാസ് ഡി ലിറ്റിനെ ഡാനി ബ്ലിന്‍ഡ് പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ചിരുന്നു. ഇതാകട്ടെ വലിയ പരാജയമായി. പരിചയ സമ്പത്തിന്റെ കുറവുള്ള മാത്യാസിന്റെ പിഴവിലായിരുന്നു ബള്‍ഗേറിയ രണ്ട് ഗോളും നേടിയത്.

ഡാനി ബ്ലിന്‍ഡിന്റെ ഈ തീരുമാനം വലിയ തോതില്‍ വിമര്‍ശത്തിനിടയാക്കി. അണ്ടര്‍ 21 കോച്ച് ഫ്രെഡ് ഗ്രിം താത്കാലിക പരിശീലക സ്ഥാനം ഏറ്റെടുക്കും. ഗ്രൂപ്പ് എയില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഹോളണ്ടിന് അടുത്ത മത്സരം ജൂണിലാണ്. നാട്ടില്‍ ലക്‌സംബര്‍ഗാണ് എതിരാളി. ഇതിന് മുമ്പ് ഇറ്റലിയുമായി സൗഹൃദമത്സരം കളിക്കാനുണ്ട്.