യൂറോപ്പായാലും ഏഷ്യയായാലും തന്റെ ഗോള്‍വേട്ടയ്ക്കു ഒരു മാറ്റമുണ്ടാവില്ലെന്നു വീണ്ടുമൊരു മാച്ച് വിന്നിങ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിനു വേണ്ടിയാണ് അദ്ദേഹം മിന്നിച്ചത്.
ചില വമ്പന്‍ റെക്കോര്‍ഡുകളും ഇതോടെ റോണോ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. തന്റെ മുഖ്യ എതിരാളിയും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഖലീജുമായുള്ള മല്‍സരത്തിലായിരുന്നു അല്‍ നസറിനായി അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് പ്രകടനം. ഇരട്ട ഗോളുകളുമായിട്ടാണ് റോണോ കസറിയത്.
ഈ മല്‍സരത്തില്‍ അല്‍ നസര്‍ ജയിച്ചുകയറുകയും ചെയ്തു. വിവിധ ടീമുകള്‍ക്കൊപ്പം ഫുട്‌ബോള്‍ കരിയറിലെ 830ാമത്തെ വിജയം കൂടിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മെസ്സിയടക്കം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയുമധികം വിജയങ്ങള്‍ നേടിയിട്ടുള്ള മറ്റൊരു താരവും ഇല്ലെന്നു തന്നെ പറയാം.

ഗോള്‍വേട്ടയില്‍ മുന്നില്‍
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും എത്തിയ ശേഷം സൗദി ടീമായ അല്‍ നസറിനായി 92ാമത്തെ മല്‍സരമാണ് കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചത്. ഗോളുകളും അസിസ്റ്റുകളുമടക്കം 100 ഗോളുകളില്‍ അദ്ദേഹം ഇതിനകം പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.
70 ലേറെ മല്‍സരങ്ങള്‍ ഇതിനകം കളിച്ചു കഴിഞ്ഞിട്ടുള്ള എല്ലാ ക്ലബ്ബുകള്‍ക്കു വേണ്ടിയും 100 എന്ന മാന്ത്രികസംഘ്യ പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏക താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കിയിരിക്കുകയാണ്.
വിവിധ ലീഗുകളില്‍, വ്യത്യസ്ത ടീമുകള്‍ക്കൊപ്പമുള്ള റൊണാള്‍ഡോയുടെ അവിശ്വസനീയ സ്ഥിരത തന്നെയാണ് ഇതു അടിവരയിടുന്നത്. ഇക്കാര്യത്തില്‍ ലയണല്‍ മെസ്സി അദ്ദേഹത്തിനു ഏറെ പിറകില്‍ തന്നെയാണ്. ബാഴ്‌സലോണയ്ക്കൊപ്പം മാത്രമേ അദ്ദേഹത്തിനു ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.
മറ്റൊരു എലൈറ്റ് ലിസ്റ്റിലും റൊണാള്‍ഡോ തന്റെ ഒന്നാംസ്ഥാനം കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ്. 30 വയസ്സിനു ശേഷം ഏറ്റവുധികം ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള കളിക്കാരുടെ ലിസ്റ്റിലാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ തലപ്പത്തുള്ളത്. വിവിധ ടീമുകള്‍ക്കൊപ്പം റോണോ വാരിക്കൂട്ടിയത് 456 ഗോളുകളാണ്.

റെക്കോര്‍ഡുകള്‍ വലുതല്ല
ഫുട്‌ബോള്‍ കരിയറില്‍ ഇതുവരെയുള്ള വ്യക്തിഗത റെക്കോര്‍ഡുകളെയൊന്നും വലിയ കാര്യമാക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുറന്നു പറഞ്ഞത്. ഞാന്‍ ബെസ്റ്റാണോ, അല്ലയോ എന്നതൊന്നും ഇപ്പോള്‍ അത്ര പ്രധാനപ്പെട്ട കാര്യമല്ല. ഞാന്‍ അതൊന്നും ശ്രദ്ധിക്കാറുമില്ല. ഗോള്‍ സ്‌കോര്‍ ചെയ്യുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും നല്ലതാണ്. പക്ഷെ എന്നെ സംബന്ധിച്ച് ടീം ജയിക്കുന്നതാണ് കൂടുതല്‍ നല്ല കാര്യമായി കാണുന്നത്.
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് എന്റെ ശീലമായിരുന്നു. ഞാന്‍ ഇപ്പോള്‍ അതു നോക്കാറുമില്ല. എന്നെ സംബന്ധിച്ച് ഇപ്പോള്‍ പ്രധാനം ആസ്വദിച്ച് കളിക്കുന്നതോടൊപ്പം അല്‍ നസറിനെയും എന്റെ ടീമംഗങ്ങളെയും ജയിക്കാന്‍ സഹായിക്കുകയെന്നതുമാണെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.