മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ ക്ലാസിക് മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍മാഡ്രിഡ് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടി. ബാഴ്‌സലോണ ഹോം മാച്ചില്‍ മലാഗയുമായി ഗോള്‍രഹിത സമനിലയായപ്പോള്‍ സെവിയ്യ 3-2ന് ഡിപ്പോര്‍ട്ടീവോയെ കീഴടക്കി. എയ്ബറും ജയം കണ്ടു.
പന്ത്രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ റയല്‍മാഡ്രിഡ് ലീഗ് സീസണില്‍ തോല്‍വിയറിയാതെ സ്വന്തമാക്കിയ മുപ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഒമ്പത് ജയവും മൂന്ന് സമനിലയുമാണ് റയലിന്റെ റെക്കോര്‍ഡ്. ഇത്രയും മത്സരങ്ങളില്‍ ബാഴ്‌സലോണ 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. എട്ട് കളി ജയിച്ചപ്പോള്‍ രണ്ട് കളി ബാഴ്‌സ തോറ്റു. 24 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്തും 21 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാം സ്ഥാനത്തും. 11 മത്സരങ്ങളില്‍ 22 പോയിന്റുള്ള വിയ്യാറയലിന് അടുത്ത കളി ജയിച്ചാല്‍ ടേബിളില്‍ നാലാം സ്ഥാനത്ത് നിന്ന് മൂന്നിലേക്ക് കയറാം.

റയലുമായി 2021 വരെ കരാര്‍ പുതുക്കിയ ക്രിസ്റ്റ്യാനോ കരിയറിലെ മുപ്പത്തൊമ്പതാം ഹാട്രിക്കുമായി മാഡ്രിഡ് ഡെര്‍ബിയിലെ താരമായി. ഇരുപത്തിമൂന്നാം മിനുട്ടില്‍ ഫ്രീകിക്ക് അത്‌ലറ്റിക്കോയുടെ പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ച് വലയിലെത്തിയതാണ് ആദ്യ ഗോള്‍. ആദ്യപകുതിയില്‍ റയല്‍ 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഡിയഗോ സിമിയോണി തന്ത്രം മാറ്റിയപ്പോള്‍ അത്‌ലറ്റിക്കോ കൂടുതല്‍ അറ്റാക്കിംഗിലേക്ക് വന്നു. സിദാന്‍ റയല്‍ താരങ്ങളോട് കൗണ്ടര്‍ അറ്റാക്കിംഗില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിര്‍ദേശവും നല്‍കി.
അത്‌ലറ്റിക്കോ ഗ്രിസ്മാന്റെയും കോകെയുടെയുമൊക്കെ നേതൃത്വത്തില്‍ സെക്കന്‍ഡൊഴിവില്ലാതെ ഇരമ്പിക്കളിച്ചു. പക്ഷേ, എഴുപത്തൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ പെനാല്‍റ്റി നേടിയെടുത്ത്, അത് ഗോളാക്കിയതോടെ റയല്‍ 2-0ന് മുന്നില്‍കയറി. ഹോം ടീമായ അത്‌ലറ്റിക്കോ വിട്ടുകൊടുത്തില്ല വീണ്ടും പൊരുതിക്കയറി. ഇത് മുതലെടുത്ത് ഗാരെത്‌ബെയ്‌ലിന്റെ കൗണ്ടര്‍ അറ്റാക്കിംഗില്‍ ക്രിസ്റ്റ്യാനോ എഴുപത്തേഴാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.
റയലുമായി ഒമ്പത് പോയിന്റുകള്‍ക്ക് പിറകിലായ അത്‌ലറ്റിക്കോയുടെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ലൂയിസ് സുവാരസും ലയണല്‍ മെസിയുമില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സലോണ ഹോംഗ്രൗണ്ടില്‍ സമനിലയായതും റയലിന്റെ കിരീടക്കുതിപ്പിന് അനുകൂലമായി.
ഗോള്‍ നില
അത്‌ലറ്റിക്കോ മാഡ്രിഡ് 0-3 റയല്‍മാഡ്രിഡ്
എയ്ബര്‍ 1-0 സെല്‍റ്റ വിഗോ
ബാഴ്‌സലോണ 0-0 മലാഗ
ഡിപ്പോര്‍ട്ടീവോ ല കൊരൂന 2-3 സെവിയ്യ