കൊല്‍ക്കത്ത: റയല്‍മാഡ്രിഡിന്റെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലെത്തുന്നു. അടുത്ത വര്‍ഷം ജൂണിലാകും ക്രിസ്റ്റ്യാനോ ദേശീയ ടീമിനൊപ്പം കൊല്‍ക്കത്തയിലെത്തുക എന്ന് റിപ്പോര്‍ട്ട്. യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ഇവിടെ സന്നാഹ മത്സരത്തിനായാണ് വരുന്നത്. ഇന്ത്യന്‍ ടീമുമായിട്ടാണോ സൗഹൃദ മത്സരം കളിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
2011 ല്‍ ലയണല്‍ മെസി നയിച്ച അര്‍ജന്റീന കൊല്‍ക്കത്തയില്‍ വെനിസ്വെലക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന ഫുട്‌ബോള്‍ മഹാരഥന്‍മാര്‍ ഏറെയുണ്ട്. 2008 ല്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡിയഗോ മറഡോണയെത്തി. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ രാജാവ് പെലെ വന്നു.

1977 ല്‍ പെലെ തന്റെ ക്ലബ്ബായ ലോസ് അഞ്ചലസ് കോസ്‌മോസിനൊപ്പം കൊല്‍ക്കത്തയിലെത്തുകയും മോഹന്‍ബഗാനുമായി സൗഹൃദ മത്സരം കളിക്കുകയും ചെയ്തു. ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ഖാന്റെ ബയേണ്‍ മ്യൂണിക് 2008 ല്‍ മോഹന്‍ബഗാനുമായി കളിച്ചതും കൊല്‍ക്കത്തന്‍ മണ്ണിലാണ്.
ഒലിവര്‍ ഖാന്റെ വിടപറയല്‍ മത്സരമായിരുന്നു അത്. റുഡ് ഗുള്ളിറ്റ്, ഡ്വെയിറ്റ് യോര്‍ക്ക് എന്നിവര്‍ക്ക് പുറമെ ഇപ്പോള്‍ ഐ എസ് എല്ലിലൂടെ നിരവധി പ്രമുഖര്‍ ആനന്ദത്തിന്റെ നഗരത്തിനെ ഫുട്‌ബോളിനെ സമ്പുഷ്ടമാക്കുന്നു.