റോണോ തുടങ്ങിയിട്ടേയുള്ളൂ... രണ്ടാം മല്‍സരത്തിലും ഗോള്‍, സ്‌പെയിനില്‍ ബാഴ്‌സയ്ക്കു ബ്രേക്ക്
റോം/മാഡ്രിഡ്: ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ പുതിയ തട്ടകമായ യുവന്റസില്‍ തുടക്കത്തിലെ ഗോള്‍ക്ഷാമത്തിനു ശേഷം ഗോള്‍ നേടുന്നത് ശീലമാക്കിയിരിക്കുന്നു. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റോണോ യുവന്റസിനായി വലകുലുക്കി. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ടീമിനായി സ്‌കോര്‍ ചെയ്യുന്നത്. തൊട്ടുമുമ്പത്തെ ലീഗ് മല്‍സരത്തിലാണ് റോണോ യുവന്റസിനൊപ്പം ഗോള്‍ അക്കൗണ്ട് തുറന്നത്.
അതേസമയം, സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ നാലു ജയങ്ങളുമായി മുന്നേറിയ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കു സമനിലയോടെ തിരിച്ചടി നേരിട്ടു.

തകര്‍പ്പന്‍ തിരിച്ചുവരവ്
തൊട്ടുമുമ്പ് നടന്ന യുവേഫ ചാംപ്യന്‍സ് ലീഗില്‍ സീസണിലെ ആദ്യ കളിയില്‍ വലന്‍സിയക്കെതിരേ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡുമായി കണ്ണീരോടെ കളം വിടേണ്ടിവന്നിരുന്നു. യുവന്റസിനൊപ്പം അദ്ദേഹത്തിന്റെ കന്നി ചാംപ്യന്‍സ് ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്.
ഈ തിരിച്ചടിയില്‍ നിന്നും അതിവേഗം കരകയറിയ റോണോ ലീഗില്‍ ഗോളുമായാണ് തിരിച്ചുവരവ് നടത്തിയത്.

ഗോള്‍ അവസാന 10 മിനിറ്റില്‍
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ചെറുടീമായ ഫ്രോസിനോണിന്റെ പ്രതിരോധം തകര്‍ക്കാന്‍ യുവന്റസിന് അവസാന 10 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 81ാം മിനിറ്റിലാണ് യുവന്റസിന് ആശ്വാസമേകി റൊണാള്‍ഡോ ടീമിന്റെ അക്കൗണ്ട് തുറന്നത്. ക്ലോസ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍. ഫെഡറിക്കോ ബെര്‍നാഡെഷി ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ യുവന്റസ് വിജയമുറപ്പിക്കുകയും ചെയ്തു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നാപ്പോളി 3-1ന് ടൊറിനോയെയും ബൊളോണ 2-0ന് റോമയെയും തോല്‍പ്പിച്ചു. എസി മിലാനെ അറ്റ്‌ലാന്റ 2-2നു തളച്ചു.

ബാഴ്‌സയ്ക്ക് അപ്രതീക്ഷിത തിരിച്ചടി
സ്പാനിഷ് ലീഗില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബാഴ്‌സയ്ക്കു ജിറോണയില്‍ നിന്നും നേരിട്ടത്. 2-2ന് ജിറോണ ബാഴ്‌സയ്ക്കു ബ്രേക്കിടുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ജെറാര്‍ഡ് പിക്വെയുമാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. ജിറോണയുടെ രണ്ടു ഗോളും ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുടെ വകയായിരുന്നു.
ലീഗിലെ മറ്റൊരു കളിയില്‍ സെവിയ്യ 6-2ന് ലെവന്റെയെ മുക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications