ദുബൈ: 2016 ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വര്‍ഷം തന്നെ ! പുരസ്‌കാരങ്ങള്‍ ഒരോന്നായി ഈ പോര്‍ച്ചുഗല്‍ താരത്തെ തേടിയെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഗ്ലോബ് സോക്കര്‍ പുരസ്‌കാരവും ക്രിസ്റ്റിയാനോയുടെ ഷോകേസിലെത്തി. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ ക്രിസ്റ്റ്യാനോയെ 2016 ലെ മികച്ച ഫുട്‌ബോളറായും യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗലിന്റെ കോച്ച്് ഫെര്‍നാണ്ടോ സാന്റോസിനെ മികച്ച പരിശീലകനായും തിരഞ്ഞെടുത്തു.
പതിനൊന്നാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി റെക്കോര്‍ഡിട്ട റയല്‍മാഡ്രിഡ് ക്ലബ്ബ് ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. സെവിയ്യയെ തുടരെ മൂന്ന് തവണ യൂറോപ ലീഗ് ചാമ്പ്യന്‍മാരാക്കിയ കോച്ച് ഉനെയ് എമെറിക്ക് പ്രത്യേക പുരസ്‌കാരം. എമെറി ഇപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ പരിശീലകനാണ്.

പോര്‍ച്ചുഗലിനെ ചരിത്രത്തിലാദ്യമായി രാജ്യാന്തര ഫുട്‌ബോള്‍ കിരീടത്തിലേക്ക് പടനയിച്ചതും റയല്‍മാഡ്രിഡിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഗ്ലോബ് സോക്കറിന്റെ മികച്ച താരമാക്കി മാറ്റി. തീര്‍ച്ചയായും ഇത് തന്റെ ഏറ്റവും മികച്ച വര്‍ഷമായിരുന്നുവെന്ന് ക്രിസ്റ്റിയാനോ വീഡിയോ സന്ദേശം കൈമാറി. ഈമാസം ക്രിസ്റ്റിയാനോയെ തേടി ഫ്രാന്‍സ് മാഗസിന്റെ ബാലണ്‍ദ്യോര്‍ പുരസ്‌കാരവുമെത്തിയിരുന്നു. ജനുവരിയില്‍ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരവും ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നു.
അറുപത്തിരണ്ടുകാരനായ ഫെര്‍നാണ്ടോ സാന്റോസ് തന്റെ പരിശീലക കരിയറിലെ മഹത്തായ നേട്ടമാണ് ഈ വര്‍ഷം സ്വന്തമാക്കിയത്. വളരെ വിദഗ്ധമായി കൈയ്യിലുള്ള താരവിഭവങ്ങളെ വിനിയോഗിച്ചാണ് പോര്‍ച്ചുഗലിന് കന്നി രാജ്യാന്തര കിരീടം നേടിക്കൊടുത്തത്. എതിരാളിയെ തളര്‍ത്തുന്ന തന്ത്രമായിരുന്നു സാന്റോസ് പയറ്റിയത്. ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിക്കാതിരിക്കുക എന്ന പിന്തിരിപ്പന്‍ തന്ത്രം വിമര്‍ശിക്കപ്പെട്ടെങ്കിലും ഫലം കൊയ്തു.