റോം: പോര്‍ച്ചുഗീസിന്റെ യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ റെക്കോഡ്. മൂന്ന് വ്യത്യസ്ഥ ലീഗുകളില്‍ കിരീടം നേടിയ ആദ്യ താരമെന്ന റെക്കോഡാണ് ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് കിരീടം നേടിയതോടെയാണ് ക്രിസ്റ്റിയാനോയെ തേടി പുതിയ റെക്കോഡുമെത്തിയത്. ഇറ്റാലിയന്‍ ലീഗിന് പുറമേ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും റൊണാള്‍ഡോയ്ക്ക് കിരീടം നേടാന്‍ കഴിഞ്ഞിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയുമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കിരീടത്തില്‍ മുത്തമിട്ടത്. ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള മറ്റു സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തേടി പിടിക്കാനാവാത്ത നേട്ടം കൂടിയാണ് പോര്‍ച്ചുഗീസ് താരം തന്റെ പേരിലാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ അഞ്ച് മല്‍സരങ്ങള്‍ കൂടി ശേഷിക്കേയാണ് ക്രിസ്റ്റിയാനോയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.
ഒരടിയില്‍ ടോട്ടനമിനെ വീഴ്ത്തി, സിറ്റി വീണ്ടും തലപ്പത്ത്; കിരീടം ഉറപ്പിച്ച് യുവന്റസ്, ബാഴ്സ, ബയേണ്‍
കൂടാതെ, ഇറ്റാലിയന്‍ ലീഗ് കിരീട നേട്ടത്തില്‍ റെക്കോഡിടാനും യുവന്റസിനായി. യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളില്‍ ഒരു ടീം ആദ്യമായാണ് തുടര്‍ച്ചയായ എട്ടാം തവണയും ലിഗ് കിരീടം നിലനിര്‍ത്തുന്നത്. ഈ റെക്കോഡാണ് സീസണിലെ കിരീട നേട്ടത്തോടെ യുവന്റസ് തങ്ങളുടെ പേരിലെഴുതി ചേര്‍ത്തത്. ഈ സീസണിന്റെ തുടക്കത്തിലാണ് 99.2 മില്ല്യണ്‍ യൂറോയ്ക്ക് 35 കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ യുവന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.