മാഡ്രിഡ്: ലോക ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയ്ക്ക് ബാഴ്സലോണയിലെത്തിയ ബ്രസീലിയന്‍ സെന്സേഷന് ഫിലിപ്പോ കുട്ടീഞ്ഞോയുടെ അരങ്ങേറ്റം വൈകും. ലിവര്‍പൂളില്‍ നിന്നാണ് കഴിഞ്ഞ ദിവസം 1219 കോടി രൂപയ്ക്ക് കൂട്ടീഞ്ഞോയെ ബാഴ്സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ബാഴ്സയുമായി കരാര്‍ ഒപ്പിടുന്നതിനു മുമ്പ് കൂട്ടീഞ്ഞോയ്ക്ക് പരിക്കേറ്റിരുന്നതായും അതിനാല്‍ മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഴ്സയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനായപ്പോഴാണ് താരത്തിന്റെ വലതു കാലിലെ തുടയ്ക്കു പരിക്കുള്ളതായി കണ്ടെത്തിയത്.
ലിവര്‍പൂള്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന കുട്ടീഞ്ഞോയ്ക്ക് അവസാന മല്‍സരം പരിക്കുമൂലം നഷ്ടമായിരുന്നു. ഇതിനു ശേഷമാണ് 25 കാരന് സ്പെയിനിലെത്തി ബാഴ്സയുമായി കരാര്‍ ഒപ്പുവച്ചത്. ബാഴ്സയ്ക്കു വേണ്ടി കളിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും കൂട്ടീഞ്ഞോ പ്രതികരിച്ചിരുന്നു. ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താരം പറഞ്ഞിരുന്നു.
ലിവര്‍പൂളിനാണ് കോട്ടീഞ്ഞോയുടെ കൈമാറ്റത്തിലൂടെ അപ്രതീക്ഷിത ലോട്ടറിയടിച്ചത്. ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനില്‍ നിന്നും കേവലം 8.5 മില്യണ്‍ യൂറോയ്ക്കായിരുന്നു 2013ല്‍ ലിവര്‍പൂള്‍ കോട്ടീഞ്ഞോയെ വാങ്ങിയത്. എന്നാല്‍ ലിവര്‍പൂളില്‍ കോട്ടീഞ്ഞോ കത്തിക്കയറുകയായിരുന്നു. റെഡ്സിനു വേണ്ടി 153 മല്‍സരങ്ങളില്‍ നിന്നും 41 ഗോളുകള്‍ 25 കാരന് നേടിയിട്ടുണ്ട്