കൊറോണ ഭീഷണി പ്രീമിയര്‍ ലീഗിലും; സിറ്റി ആഴ്‌സണല്‍ മത്സരം നീട്ടിവെച്ചു
ലണ്ടന്‍: യൂറോപ്പില്‍ കൊറോണ വൈറസ് ഭീഷണി വ്യാപകമായത് ഫുട്‌ബോള്‍ രംഗത്തും കനത്ത തിരിച്ചടിക്ക് ഇടയാക്കുന്നു. ഇറ്റലിയില്‍ ഏപ്രില്‍ 3 വരെ എല്ലാത്തരം കായിക വിനോദങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ ഇംഗ്ലണ്ടിലും നിയന്ത്രണങ്ങളെത്തി. വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണല്‍ മത്സരം നീട്ടിവെച്ചിരിക്കുകയാണ്. ഇതാദ്യമായാണ് പ്രീമിയര്‍ ലീഗില്‍ കൊറോണ ഭീഷണിയെത്തുടര്‍ന്ന് മത്സരം മാറ്റിവെക്കുന്നത്.
ബുധനാഴ്ചയാണ് ആഴ്‌സലണലും സിറ്റിയും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. ഒളിമ്പിയാക്കോസ് ഉടമ എവന്‍ഗെലോസ് മരിനാക്കിസുമായി ആഴ്‌സണള്‍ താരങ്ങള്‍ അടുത്തു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് മത്സരം മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്. എവന്‍ഗെലോസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രീമിയര്‍ ലീഗ് സംഘാടകര്‍ അറിയിച്ചു.

പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് യുവേഫ യൂറോപ്പോ കപ്പില്‍ ആഴ്‌സണല്‍ ഒളിമ്പിയാക്കോസുമായി മത്സരിച്ചിരുന്നു. അന്നേ ദിവസം ഒളിമ്പിയാക്കോസ് ഉടമ ചില ആഴ്‌സണല്‍ കളിക്കാരുമായി അടുത്ത് ഇടപഴകിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് മെഡിക്കല്‍ സംഘമാണ് ആഴ്‌സണല്‍ സിറ്റി മത്സരം മാറ്റിവെക്കാനും ആഴ്‌സണല്‍ കളിക്കാരെ നിരീക്ഷണത്തില്‍ വെക്കാനും നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 11ന് നടക്കേണ്ടിയിരുന്ന മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അതേസമയം, മറ്റ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടില്ല.
ആഴ്‌സണലിന്റെ ഒരു കളിക്കാരനും ഇതുവരെ രോഗ ലക്ഷണം പ്രകടമാക്കിയിട്ടില്ല. എന്നാല്‍, കടുത്ത നിരീക്ഷണത്തിനും ഏകാന്തവാസത്തിനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗത്തിനുള്ള നേരിയ സാധ്യതപോലും ഇല്ലാതാക്കണമെന്നാണ് ആഴ്‌സണല്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആഴ്‌സണലുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ശനിയാഴ്ച ബേണ്‍ലിയുമായാണ് സിറ്റിയുടെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications