ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിയിരിക്കുകയാണ് കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍. ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ നടക്കാനിരുന്ന രണ്ടാംപാദ ഫൈനല്‍ മത്സരത്തിന് തൊട്ടു മുന്‍പായി ബൊക്ക കളിക്കാര്‍ ആക്രമക്കപ്പെട്ടതോടെ മത്സരം മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയും ആരാധകര്‍ അക്രമാസക്തരായതോടെ കളി അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.

ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യപാദ ഫൈനല്‍ 2-2 എന്ന നിലയില്‍ സമനിലയിലായിരുന്നു. രണ്ടാം പാദമത്സരം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് കളിക്കാരുമായെത്തിയ ബൊക്ക ടീമിന്റെ ബസ്സിന് നേരെ ആരാധകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. ബൊക്ക ടീമിന്റെ ബസ് ആരാധകര്‍ എറിഞ്ഞു തകര്‍ത്തിതിനെ തുടര്‍ന്ന് ചില കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൊക്ക താരം പാബ്ലോ പെരസിന്റെ കണ്ണിന് പരിക്കേറ്റു. ബൊക്കയുടെ മറ്റൊരു കളിക്കാരന്‍ ഗോണ്‍സാലോ ലമാര്‍ഡോയെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ലോകത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കിയ മത്സരമായിരുന്നു നടക്കേണ്ടിയിരുന്നത്. തോല്‍ക്കുമെന്ന ഭയമാണ് ആരാധകരെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംപാദ ഫൈനലിനുള്ള ടിക്കറ്റുകളെല്ലാം ദിവസങ്ങള്‍ക്കു മുന്‍പേ വിറ്റുപോയിരുന്നു. ലക്ഷങ്ങളാണ് കരിഞ്ചന്തയില്‍ ടിക്കറ്റിനായി ഈടാക്കിയത്. ചിലര്‍ ജോലിക്കു പകരമായി ടിക്കറ്റ് കൈമാറുന്ന അവസ്ഥപോലുമുണ്ടായി.
ബൊക്കയും റിവര്‍പ്ലേറ്റും തമ്മല്‍ നടക്കാറുള്ള എല്ലാ മത്സരങ്ങളിലും കൈയ്യാങ്കളി പതിവാണ്. ഇരു ടീമുകളുടെയും മത്സരത്തിന് മുന്‍പ് പോലീസ് കനത്ത സുരക്ഷയൊരുക്കുകയാണ് പതിവ്. മൂന്നു വര്‍ഷം മുന്‍പ് ഇരുവരും കോപ്പ ലിബര്‍ട്ടഡോഴ്സ് പ്രീക്വാര്‍ട്ടറിനിറങ്ങിയപ്പോള്‍ ബൊക്ക ആരാധകര്‍ റിവര്‍ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ബൊക്ക ജൂനിയേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് എന്നതുപോലെയാണ് സൗത്ത് അമേരിക്കയിലെ കോപ്പ ലിബര്‍ട്ടഡോസ്. ഫൈനലില്‍ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. അര്‍ജന്റീന ഫുട്‌ബോളിന് ഇത് നാണക്കേടാണെന്ന് മുന്‍താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട പ്രതികരിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിറംമങ്ങിയ അര്‍ജന്റീന ഉയര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുമ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ആക്രമണങ്ങള്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.