സാന്റിയാഗോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വയെ ഒരു ഗോളിന് തോല്‍പ്പിച്ച് ചിലി സെമി ഫൈനലിലെത്തിയ മത്സരം വിവാദത്തില്‍. മത്സരത്തില്‍ ഉറുഗ്വയുടെ സൂപ്പര്‍ താരം കവാനിക്ക് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മുപ്പത് മിനിറ്റോളം നേരം 10 പേരുമായാണ് ഉറുഗ്വയ്ക്ക് കളിക്കേണ്ടിവന്നത്.
കവാനിക്ക് ചുവപ്പുകാര്‍ഡ് കാട്ടേണ്ടിവന്ന സംഭവമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. റഫറിയോട് തര്‍ക്കിച്ചതിന് ആദ്യം മഞ്ഞക്കാര്‍ഡ് വാങ്ങിയ കവാനിയെ ചിലി കളിക്കാര്‍ പ്രകോപ്പിച്ചതാണ് രണ്ടാം മഞ്ഞക്കാര്‍ഡിന് ഇടയായതെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമാകുന്നു. ചിലി താരം കവാനിയുടെ പിറകില്‍ മധ്യവിരല്‍ കൊണ്ട് അശ്ലീലമായ സ്പര്‍ശിച്ചതും തുടര്‍ന്ന് അതേ താരം അഭിനയിച്ച് നിലത്തു കിടന്നതുമാണ് ചുവപ്പുകാര്‍ഡിലേക്ക് വഴിവെച്ചത്.

ചിലി താരം ജാറ മധ്യവിരല്‍ കൊണ്ട് കവാനിയുടെ പിറകില്‍ അശ്ലീലതയോടെ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് കവാനി കൈ ഉയര്‍ത്തുകയും ഉടന്‍ ജാറ മുഖംപൊത്തി നിലത്തു കിടക്കുകയുമായിരുന്നു. കവാനി ശക്തമായി മുഖത്തിടിച്ച രീതിയിലായിരുന്നു ജാറയുടെ അഭിനയം. റഫറി ഉടന്‍ കവാനിക്ക് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാര്‍ച്ചിങ് ഓര്‍ഡറും നല്‍കി.
ജാറ ഇതാദ്യമായല്ല ഇത്തരത്തില്‍ പെരുമാറുന്നത്. 2013ല്‍ ഉറുഗ്വയുടെതന്നെ സുവാരസിന്റെ മുന്‍ഭാഗത്തായിരുന്നു ജാറയുടെ കൈക്രിയ. ഇതിന്റെ വീഡിയോയും ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഫുട്‌ബോളിന് അപമാനമാണ് ജാറയെപ്പോലെ ഉള്ളവര്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ജാറയുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.