റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ആതിഥേയരും ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീലിന്റെ ക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ ചിലിയാണ്. നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം. രാവിലെ 2.30ന് നടക്കുന്ന ക്വാര്‍ട്ടറില്‍ പെറുവും പരാഗ്വേയും തമ്മില്‍ ഏറ്റുമുട്ടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.
ബ്രസീലിനെ സംബന്ധിച്ച് ഇത്തവണ എല്ലാം അനുകൂലമാണ്. തട്ടകത്തിലെ മത്സരം എന്നതിനോടൊപ്പം ശക്തമായ താരനിരയും ബ്രസീലിനുണ്ട്. ക്വാര്‍ട്ടര്‍ നടക്കുന്നത് റിയോ ഡി ജനെയ്‌റോയിലാണ്. ബ്രസീലിന് വലിയ പരിചയസമ്പത്തുള്ള കളിക്കളമാണിത്. ഇതെല്ലാം മഞ്ഞപ്പടയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചത്. ഇക്വഡോറിനോട് സമനില വഴങ്ങിയപ്പോള്‍ മൂന്ന് മത്സരങ്ങളിലും ബ്രസീല്‍ ജയിച്ചു.

ബ്രസീലിന്റെ താരനിരയെയാണ് എടുത്തുപറയേണ്ടത്. മികച്ചൊരു ടീമിനുള്ള താരങ്ങള്‍ അവരുടെ ബെഞ്ചിലുണ്ട്. നെയ്മര്‍,ജെസ്യൂസ്,ഫിര്‍മിനോ,റിച്ചാര്‍ലിസന്‍,കാസമിറോ,ഫ്രഡ് തുടങ്ങി നിലവിലെ ലോക ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി പേരാണ് ബ്രസീല്‍ ടീമിലുള്ളത്. അതേ സമയം ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായാണ് ചിലിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒരു ജയവും തോല്‍വിയും രണ്ട് സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ നേടിയത്.
വര്‍ഗാസ്,വിദാല്‍ തുടങ്ങിയവരൊക്കെ ചിലിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിലവിലെ ഫോമിലെ ബ്രസീലിനെ വീഴ്ത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇരു ടീമും 2017ലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളിന് ജയം ബ്രസീലിനായിരുന്നു. തട്ടകത്തിന്റെ മുന്‍തൂക്കം കൂടി ബ്രസീലിനുള്ളതിനാല്‍ ചിലി ജയിക്കാന്‍ അത്ഭുതം സംഭവിക്കണം.
പെറുവും പരാഗ്വേയും തുല്യ ശക്തികളാണ്. പരാഗ്വേ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരാണ്. പെറും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയും പെറു വഴങ്ങിയപ്പോള്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് പരാഗ്വേ നേടിയത്. ഇരുടീമും 2020ലാണ് അവസാനമായി ഏറ്റുമുട്ടിയത് 2020ലായിരുന്നു. അന്ന് 2-2 സമനിലയിലാണ് മത്സരം അവസാനിച്ചത്. അവസാനമായി ആറ് തവണ ഏറ്റുമുട്ടിയപ്പോഴും പെറുവിനെ തോല്‍പ്പിക്കാന്‍ പരാഗ്വേയ്ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പമാവും ജയം.