Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: പെറുവിനെ തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി കൊളംബിയ, ജയം ഇഞ്ചുറി ടൈമില്‍

ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കൊളംബിയ. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 3-2ന് പെറുവിനെ തോല്‍പ്പിച്ചാണ് കൊളംബിയ മൂന്നാം സ്ഥാനം നേടിയത്. ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് നേടിയ ഗോളിന്റെ കരുത്തിലാണ് കൊളംബിയ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സെമിയില്‍ കൊളംബിയ അര്‍ജന്റീനയോടും പെറു ബ്രസീലിനോടുമാണ് തോറ്റത്.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ പെറുവിനെ 4-4-1-1 ഫോര്‍മേഷനിലാണ് കൊളംബിയ നേരിട്ടത്. തുടക്കം മുതല്‍ തുല്യശക്തികളുടെ പോരാട്ടം പുറത്തെടുത്താണ് ഇരു ടീമും മുന്നേറിയത്. 56 ശതമാനം പന്തടക്കത്തില്‍ പെറു മുന്നിട്ട് നിന്നപ്പോള്‍ അഞ്ച് വീതം ഗോള്‍ശ്രമവുമായി തുല്യത പുലര്‍ത്തി. 45ാം മിനുട്ടില്‍ കൊളംബിയയെ ഞെട്ടിച്ച് പെറു അക്കൗണ്ട് ഓപ്പണ്‍ ചെയ്തു.കുയെവയുടെ പാസില്‍ നിന്ന് യോഷിമിര്‍ യോടുണിലൂടെയാണ് പെറു വലകുലുക്കിയത്. ഇതോടെ ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കിയാണ് പെറു കളം പിരിഞ്ഞത്.

columbia 01

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയ ഗോള്‍ മടക്കി. 49ാം മിനുട്ടില്‍ യുവാന്‍ ക്വഡ്രാഡോയാണ് കൊളംബിയക്ക് സമനില നേടിക്കൊടുത്തത്. ഫ്രീ കിക്കിലൂടെയാണ് താരം വലകുലുക്കിയത്. തുല്യത പുലര്‍ത്തിയതോടെ പോരാട്ടം കടുത്തു. 66ാം മിനുട്ടില്‍ കൊളംബിയ ലീഡെടുത്തു. ഗോള്‍കീപ്പര്‍ വര്‍ഗാസ് നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ലൂയിസ് ഡിയാസാണ് വലകുലുക്കിയത്. 82ാം മിനുട്ടില്‍ പെറു സമനില പിടിച്ചു. ഹെഡ്ഡറിലൂടെ ലാപഡുള്ളയാണ് പെറുവിനെ ഒപ്പമെത്തിച്ചത്.

പോരാട്ടം അവസാന മിനുട്ടിലേക്ക് കടന്നതോടെ ആക്രമണം കടുത്തു. ഇഞ്ചുറി ടൈമില്‍ ഡിയാസ് കൊളംബിയക്ക് വിജയ ഗോള്‍ സമ്മാനിച്ചു.തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയാണ് ഡിയാസിന്റെ രണ്ടാം ഗോള്‍. രണ്ടാം പകുതിയിലും പന്തടക്കത്തില്‍ പെറു മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തില്‍ കൊളംബിയ മുന്നിട്ട് നിന്നു. ഇഞ്ചുറി ടൈമിലെ ത്രില്ലര്‍ ഗോളിലൂടെ മൂന്നാം സ്ഥാനക്കാരായി കൊളംബിയ മടക്ക ടിക്കറ്റുമെടുത്തു.

കോപ്പാ അമേരിക്കയിലെ കിരീട ജേതാവിനെ നാളെ പുലര്‍ച്ചെ അറിയാം. രാവിലെ 5.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. സ്വപ്‌ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നേടുമോ അതോ അര്‍ജന്റീനക്കൊപ്പം ലയണല്‍ മെസ്സി കപ്പുയര്‍ത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നെയ്മറും മെസ്സിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതും മത്സരത്തെ കൂടുതല്‍ ആവേശകരമാവും. ബ്രസീലിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നതെന്നത് അര്‍ജന്റീനക്ക് വെല്ലുവിളിയാണ്.

Story first published: Saturday, July 10, 2021, 13:14 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+