ഫിലാഡെല്‍ഫിയ: കോപ്പ അമേരിയ്ക്കയില്‍ അര്‍ജന്റീനയ്ക്ക് വീണ്ടും മിന്നും വിജയം. പനാമയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്.
സൂപ്പര്‍ താരം മെസ്സിയുടെ മികവിലാണ് അര്‍ജന്റീന പനാമയെ ചുരുട്ടിക്കെട്ടിയത്. ടീമില്‍ തിരിച്ചെത്തിയ മെസ്സി ഹാട്രിക് കൊണ്ട് കണക്ക് തീര്‍ത്തു. തുടക്കത്തില്‍ പരുക്കന്‍ കളി പുറത്തെടുത്ത ഇരുടീമുകളും മഞ്ഞക്കാര്‍ഡുകള്‍ ആവശ്യത്തിലധികം കണ്ടിരുന്നു.

ഒരു ഫൗള്‍ കിക്കില്‍ നിന്നായിരുന്നു ആദ്യ ഗോളിന്‍റെ തുടക്കം. പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മാരിയോയുടെ വലതു പോസ്റ്റ് കണക്കാക്കിയുള്ള പന്തിന് മാഞ്ചസ്റ്റര്‍ സിറ്റി താരം നിക്കോളാസ് ഒടാമെന്‍ഡിയ്ക്ക് പിഴച്ചില്ല. സൂപ്പര്‍ ഹെഡ്ഡറിലൂടെ ഒരു കിടിലന്‍ ഗോള്‍. ഒന്നാം പകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് വീണത്.
ആരാധകര്‍ കാത്തിരുന്ന നിമിഷം സംജാതമായി... രണ്ടാം പകുതിയില്‍ പത്താം നമ്പര്‍ ജേഴ്സിയില്‍ മെസ്സി ഗ്രൗണ്ടിലിറങ്ങി. ഇതോടെ അര്‍ജന്‍റീന കളം നിറഞ്ഞ് കളിയ്ക്കാന്‍ തുടങ്ങി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസ്സി ചിലിയ്ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. അതിന്‍റെ കണക്ക് തീര്‍ത്തത് പനാമയ്ക്കെതിരെ ഹാട്രിക് നേടിക്കൊണ്ടായിരുന്നു.
കളിയുടെ 68ാം മിനിറ്റില്‍ പനാമയുടെ പ്രതിരോധത്തിന്‍റെ പിഴവില്‍ നിന്നായിരുന്നു ആദ്യ മെസ്സിയുടെ ഗോള്‍. ഹിഗ്വെയ്ന്‍ നല്‍കി പാസ് ഇടംകാലുകൊണ്ട് പനാമ ഗോള്‍പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്പോള്‍ ഗോളി പെനോഡയ്ക്ക് നോക്കി നില്‍ക്കുക മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ..പനാമയുടെ പ്രതിരോധ ഭടന്‍ റോഡ്രിക് മില്ലര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അത് അര്‍ജന്‍റീനയുടെ നെപ്പോളി താരം ഗോള്‍സാലോ ഹിഗ്വെയ്നിന്‍റെ കൈയില്‍ തട്ടി. റഫറി ഹാന്‍ഡ് ബോള്‍ വിളിച്ചതും ഇല്ല. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന മെസ്സിക്ക് പന്ത് പാസ് ചെയ്തു. ബാഴ്സലോണയുടെ ഗോളടി യന്ത്രം ഇത്തരമൊരു അവസരം നഷ്ടപ്പെടുത്തിയ ചരിത്രവും ഇല്ല..
മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നത് അതി മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയായിരുന്നു. മെസ്സി മാജിക്ക് എന്ന് വിളിയ്ക്കാവുന്ന ഗംഭീര കിക്ക്. ഇടംകാലന്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഊര്‍ന്നിറങ്ങി. അധിക നേരം കാത്തിരിയ്ക്കേണ്ടി വന്നില്ല, മെസ്സിയുടെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോളും പിറന്നു.
റിസര്‍വ് ബെഞ്ചില്‍ നിന്ന് വന്ന് ഒരു ഹാട്രിക്! അത്യപൂര്‍വമായ കാഴ്ചയാണിത്. അതേ, മെസ്സിക്കു മാത്രം സാധ്യമാകുന്ന സൂപ്പര്‍ പ്രകടനം..മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാര്‍ക്കോസ് റോജോയില്‍ നിന്നും പന്ത് സ്വീകരിച്ച മെസ്സി പനാമ പ്രതിരോധത്തെ മറികടന്നത് അതി വേഗത്തിലായിരുന്നു. ഗോള്‍മുഖത്തേക്ക് വെട്ടിതിരിഞ്ഞ മെസ്സിയൂടെ ബനാന കിക്കിന് മറുപടിയുണ്ടായിരുന്നില്ല...
കളി അവസാനിയ്ക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിയ്ക്കേ അഞ്ചാം ഗോളും പനാമയുടെ പോസ്റ്റില്‍ വീണു. ഈ ഗോളിന് വഴിവച്ചതും മെസ്സി ആയിരുന്നു.മെസ്സിയ്ക്കൊപ്പം നീങ്ങിയ അഗ്വേറയെ ലാക്കാക്കി വിട്ട നീക്കം തിരിച്ചറിഞ്ഞ റോജോ പന്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വാര്‍ഡിന് കൈമാറി. സ്കോര്‍ 5-0.
രണ്ട് തവണ മഞ്ഞക്കാര്‍ഡ് കണ്ട പനാമ താരം ആനിബോള്‍ ഗോഡേയ്ക്ക് ഒന്നാം പകുതിയില്‍ തന്നെ പുറത്ത് പോകേണ്ടി വന്നു. തുടര്‍ന്ന് പത്തേ പേരുമായാണ് പനാമ അര്‍ജന്‍റീനയുടെ കരുത്തിനെ നേരിട്ടത്. ഇതിന് മുന്പ് രണ്് ടീമുകളും ഏറ്റുമുട്ടിയപ്പോഴും അര്‍ജന്റീനയ്ക്കായിരുന്നു ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അന്ന് പനാമയെ തകര്‍ത്തത്.
ജൂണ്‍ 11 ന് നടന്ന ആദ്യ മത്സരത്തില്‍ ബോളീവിയയെ തോല്‍പിച്ച് ചിലി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോടേറ്റ പരാജയത്തിന് പകരം വീട്ടാന്‍ പോന്നതായിരുന്നില്ല ചിലിയുടെ പ്രകടനം. 1-1 ന് മുന്നോട്ട് പോയ മത്സരത്തില്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിട്ടില്‍ കിട്ടിയ വിവാദ പെനാല്‍ട്ടിയിലൂടെയായിരുന്നു ചിലിയുടെ വിജയം.