സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെ ചിലി തുടങ്ങി. ഗ്രൂപ്പ് എയില്‍ ഇക്വഡോറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരായ ചില ജയിച്ചത്. ആര്‍തുറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ഗോള്‍ വേട്ടക്കാര്‍. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
പെനല്‍റ്റി കിക്കിലൂടെയായിരുന്നു ചിലിയുടെ ആദ്യ ഗോള്‍. 65ാം മിനിറ്റില്‍ ബൊലാനസ് വിദാലിനെ വീഴ്ത്തിയാണ് ചിലിക്ക് കളിയിലെ ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. കിക്കെടുത്ത വിദാലിന് പിഴച്ചില്ല. ഗോളി ഡോമിന്‍ഗസിനെ കീഴടക്കി പന്ത് വലയില്‍ കയറി. പകരക്കാരനായി ഇറങ്ങിയ എഡ്വാര്‍ഡോ വര്‍ഗാസ് 67ാം മിനിറ്റിലാണ് വല കുലുക്കിയത്.

വീണ്ടും ഒരിക്കല്‍ കൂടി ഗോളി ഡോമിന്‍ഗസ് മുഴുനീളന്‍ ഡൈവ് നടത്തിനോക്കിയെങ്കിലും പന്ത് മാത്രം കൈയിലൊതുങ്ങിയില്ല. അലക്‌സി സാഞ്ചസില്‍ നിന്നും കിട്ടിയ പാസ് വര്‍ഗാസ് വലയിലെത്തിക്കുകയായിരുന്നു. ആതിഥേയരായിട്ടും മികച്ച ടീമായിട്ടും പേരിനൊത്ത പ്രകടനമൊന്നും ചിലി പുറത്തെടുത്തില്ല. ഇക്വഡോര്‍ തീരെ മങ്ങിപ്പോയതും ചിലിക്ക് തുണയായി.