സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചാമ്പ്യന്മാരായ ചിലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇക്വഡോറിനെ 2-1 നാണ് ചിലി തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ജപ്പാനെയും ആധികാരികമായി പരാജയപ്പെടുത്തിയ ചിലിയുടെ അടുത്ത മത്സരം യുറുഗ്വയുമായാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇക്വഡോര്‍ അവസാന മത്സരം ജയിച്ചാല്‍ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
ഇക്വഡോറിനെതിരെ ചിലിയാണ് ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ജോസ് പെട്രോ ടീമിനായി വലകുലുക്കി. എന്നാല്‍ തുടരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ഇക്വഡോര്‍ 26-ാം മിനിറ്റില്‍ സമനിലഗോള്‍ കണ്ടെത്തി. വലന്‍സിയയാണ് ഇക്വഡോറിന് വേണ്ടി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ജയത്തിനുവേണ്ടി പോരാടിയ ചിലി സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിലൂടെ 51-ാം മിനിറ്റില്‍ വിജയഗോള്‍ നേടി.

ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ 89-ാം മിനിറ്റില്‍ ഇക്വഡോറിന്റെ ഗബ്രിയേല്‍ അച്ചിലിയര്‍ ചുവപ്പുകാര്‍ഡ് പുറത്തായതും ടീമിന് തിരിച്ചടിയായി. ഗ്രൂപ്പ് 'സി'യില്‍ എല്ലാ രണ്ട് മത്സരങ്ങളിലും ജയിച്ച ചിലി ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത് യുറുഗ്വായ് ആണ്. ഒരു പോയന്റുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുണ്ട്.