ചെന്നൈ: ഐ എസ് എല്‍ സീസണിലെ ആദ്യ സൗത്ത് ഇന്ത്യന്‍ ഡെര്‍ബി ഗോളില്ലാക്കളിയായി. ഇരുഭാഗത്തേക്കും ഇടക്കിടെ മികച്ച നീക്കങ്ങള്‍ കണ്ടെങ്കിലും മധ്യനിരയിലെ പരുക്കന്‍ കളിയിലായിരുന്നു മത്സരം തളയ്ക്കപ്പെട്ടത്. ഏഴ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി നാലാം സ്ഥാനത്തും. ഇന്ന് എഫ് സി ഗോവ-ഡല്‍ഹി പോരാട്ടം. രാത്രി 7.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2ല്‍ തത്‌സമയം.

4-4-2 ശൈലിയിലായിരുന്നു ആതിഥേയരുടെ വിന്യാസം. ഗോള്‍ കീപ്പര്‍ കരണ്‍ഡിത് സിംഗിന് മുന്നിലായി ഡയമണ്ട് രൂപത്തില്‍ ടീം അണിനിരന്നു. മെഹ്‌റാജുദീന്‍ വദു, ബെര്‍നാര്‍ഡ് മെന്‍ഡി (ക്യാപ്റ്റന്‍), എലി സാബിയ, ജെറി ലാല്‍രിന്‍സുല, സിയാം ജെ ഹംഗല്‍, ഹാന്‍സ് മുള്‍ഡര്‍, ബല്‍ജിത് സാഹ്നി, റാഫേല്‍ അഗസ്റ്റോ, ഡുഡു, ഡേവിഡ് സുചി എന്നിവരായിരുന്നു ചെന്നൈയിന്‍ എഫ് സിയുടെ ആദ്യ ലൈനപ്പില്‍.
കേരള ബ്ലാസ്റ്റേഴ്‌സ് 4-4-1-1 ഫോര്‍മേഷനിലാണ് അണിനിരന്നത്. സന്ദീപ് നന്ദിയായിരുന്നു ഗോള്‍ കീപ്പര്‍. സന്ദേശ് ജിംഗാന്‍, സെഡ്രിച് ഹെംഗ്ബര്‍ട്, ആരോണ്‍ ഹ്യൂസ്, ഹൊസു കുരിയാസ് എന്നിവര്‍ പ്രതിരോധത്തില്‍. മുഹമ്മദ് റഫീഖ്, മെഹ്താബ് ഹുസൈന്‍, അസ്‌റാക്ക് മഹാമദ്, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്, മൈക്കല്‍ ചോപ്ര, മുഹമ്മദ് റാഫി എന്നിവര്‍ ആദ്യ ലൈനപ്പില്‍. പരുക്കന്‍ കളിയില്‍ ആദ്യ പകുതിയില്‍ തന്നെ ചെന്നൈക്ക് പരുക്കേറ്റ ഹാന്‍സ് മുള്‍ഡറിനെ നഷ്ടമായി. ബ്ലാസി പകരമെത്തി. മൈക്കല്‍ ചോപ്ര ഇന്നലെ തീര്‍ത്തും പരാജയപ്പെട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചോപ്രയെ പിന്‍വലിച്ച കോപ്പലിന് തുടര്‍ന്നും നിരാശാകാഴ്ചയായിരുന്നു കണ്‍മുന്നില്‍.
ഗോവയില്‍ ജയം കണ്ടതിനാല്‍ അതേ ടീമിനെ നിലനിര്‍ത്തിയാണ് സ്റ്റീവ് കോപ്പല്‍ ചെന്നൈയിനെ നേരിട്ടത്. അതേ സമയം ചെന്നൈയുടെ ഇറ്റാലിയന്‍ കോച്ച് മാര്‍കോ മറ്റെരാസി തന്റെ റൊട്ടേഷന്‍ സമ്പ്രദായം തുടര്‍ന്നു. അഞ്ച് മാറ്റങ്ങളുമായാണ് മറ്റെരാസി ടീമിനെ കളത്തിലിറക്കിയത്.