Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഗോവയില്‍ ഗോള്‍മഴ... ജയിച്ചിട്ടും ഗോവ പുറത്ത്, ചെന്നൈക്കു ഫൈനല്‍ ടിക്കറ്റ്

1
2059842

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് ചാംപ്യന്‍മാരായ എഫ്‌സി ഗോവയ്ക്കു ഫൈനല്‍ കാണാതെ മടക്കം. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ രണ്ടാം പാദത്തില്‍ തകര്‍ത്തിട്ടും ഗോവയുടെ കിരീട മോഹം സെമിയില്‍ പൊലിഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന രണ്ടാംപാദ സെമിയില്‍ 4-2ന്റെ ഉജ്ജ്വല ജയമാണ് ഗോവ നേടിയത്. എന്നാല്‍ ആദ്യപാദത്തിലേറ്റ 1-4ന്റെ പരാജയം അവരെ കണ്ണീരിലാഴ്ത്തി. ഇരുപാദങ്ങളിലുമായി 6-5ന്റെ ത്രസിപ്പിക്കുന്ന ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.നാലാം തവണയാണ് ചെന്നൈ ഐഎസ്എല്ലിന്റെ കലാശക്കളിക്കു യോഗ്യത നേടിയത്. ബെംഗളൂരു എഫ്‌സി- എടിക്കെ സെമിയിലെ വിജയികളാണ് ഫൈനലില്‍ ചെന്നൈയുടെ എതിരാളികള്‍.

1

ഒന്നാംപാദത്തില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയതിനാല്‍ തന്നെ രണ്ടാംപാദത്തില്‍ മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ഗോവയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ നേടിയ ഗോവ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചുവന്ന ചെന്നൈ ഗോളുകള്‍ തിരിച്ചടിച്ച് ഒപ്പമെത്തി. അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കൂടി ഗോവ നേടിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു.

2

10ാം മിനിറ്റില്‍ ലൂസിയാന്‍ ഗൊയാന്റെ സെല്‍ഫ് ഗോളിലാണ് ഗോവ മുന്നിലെത്തിയത്. രണ്ടാം ഗോള്‍ 21ാം മിനിറ്റില്‍ മൊര്‍ത്താദ ഫാളിന്റെ വകയായിരുന്നു. ലാലിയന്‍സുവാല ചാങ്‌തെ (52), നെറിയുസ് വാല്‍സ്‌കിസ് (59) എന്നിവര്‍ ചെന്നൈയുടെ ഗോളുകള്‍ മടക്കി. 81, 83 മിനിറ്റുകളില്‍ എഡു ബേഡിയ, മൊര്‍ത്താദ ഫാള്‍ എന്നിവരുടെ ഗോളുകള്‍ ഗോവയ്ക്കു 4-2ന്റെ ജയം സമ്മാനിക്കുകയായിരുന്നു.

സ്വന്തം ടീമിനായി ആര്‍പ്പുവിളിച്ച കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഗോവയുടെ തുടക്കം. ആദ്യ വിസില്‍ മുതല്‍ ചെന്നൈക്കു മേല്‍ ഗോവയുടെ ഓറഞ്ച് പട ആക്രമിച്ചു കയറുന്നതാണ് കണ്ടത്. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് ചെന്നൈയുടെ ഹാഫിലായിരുന്നു. ഗോവയുടെ തുടരെയുള്ള മുന്നേറ്റങ്ങളെ തുടര്‍ന്ന് ചെന്നൈ പ്രതിരോധത്തിലേക്കു വലിയുകയും ചെയ്തു.

5

തുടക്കം മുതല്‍ പുലര്‍ത്തിയ സമ്മര്‍ദ്ദത്തിന് 10ാം മിനിറ്റില്‍ തന്നെ ഗോവ ഫലം കാണുകയും ചെയ്തു. ജാക്കിച്ചാന്ദ് സിങ് വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഗൊയാന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. 21ാം മിനിറ്റില്‍ ഫാളിലൂടെ ഗോവ ലീഡുയര്‍ത്തി. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ വച്ച് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വഴി തിരിച്ചുവിട്ടപ്പോള്‍ ഗോളി വിശാല്‍ കെയ്ത്ത് ചിത്രത്തില്‍ പോലുമില്ലായിരുന്നു. ലീഡുയര്‍ത്താന്‍ ആദ്യ പകുതിയില്‍ ഗോവ തുടര്‍ന്നും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ ഒരുവിധം പിടിച്ചുനിന്നു.

ആദ്യ പകുതിയില്‍ കണ്ട ചെന്നൈയെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. കൃത്യമായ ഗെയിം പ്ലാനുമായാണ് അവര്‍ ഇറങ്ങിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ മടക്കി ഗോവയുടെ കഥ കഴിക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. ഇതില്‍ ചെന്നൈ വിജയിക്കുകയും ചെയ്തു. ഗോവയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് 53ാം മിനിറ്റില്‍ ചാങ്‌തെ ഗോവയുടെ ആദ്യ ഗോള്‍ മടക്കി. ക്രിവെല്ലാറോയുടെ ഇടതു വിങില്‍ നിന്നുള്ള താഴ്ന്ന ഫ്രീകിക്ക് ഗോളി മുഹമ്മദ് നവാസ് തട്ടിയകറ്റിയപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് ചാങ്‌തെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി.

3

ഏഴു മിനിറ്റിനുള്ളില്‍ ഗോവയെ സ്തബ്ധരാക്കി ചെന്നൈ രണ്ടാം ഗോളും നേടി. ഗോവന്‍ പ്രതിരോധത്തില്‍ വന്ന പിഴവാണ് ഈ ഗോളില്‍ കലാശിച്ചത്. ക്രിവെല്ലാറോയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാല്‍സ്‌കിസ് അനായാസം ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി. ഇരുപാദങ്ങളിലായി സ്‌കോര്‍ 6-3 ആയെങ്കിലും ഗോവയ്ക്കു കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നു.

81ാം മിനിറ്റില്‍ എഡു ബേഡിയയിലൂടെ ഗോവ കളിയില്‍ 3-2ന്റെ ലീഡ് സ്വന്തമാക്കി. ബോക്‌സിനകത്തു വച്ച് ഫാള്‍ മറിച്ചുനല്‍കിയ പന്ത് ബേഡിയ തകര്‍പ്പനൊര ഷോട്ടിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ ഗോവ കളിയിലെ നാലാം ഗോളും നേടിയതോടെ കാണികള്‍ ഇളകിമറിഞ്ഞു. മര്‍ത്തോദ ഫാളിന്റെ വകയായിരുന്നു ഗോള്‍. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ലോങ് ബോള്‍ ബോക്‌സിനകത്തു വച്ച് ഫാള്‍ ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

4
Story first published: Saturday, March 7, 2020, 21:52 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+