Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സ മനസ് വെച്ചാല്‍ ക്രിസ്റ്റിയാനോ ബയേണിലെത്തും, നെയ്മറിനെ പ്രീമിയര്‍ ലീഗില്‍ കാണാം!!

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെറ്ററന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പി എസ് ജിയുടെ സൂപ്പര്‍ താരം നെയ്മറും പുതിയ ക്ലബ്ബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ക്രിസ്റ്റിയാനോക്ക് വേണ്ടി രംഗത്തുള്ളത് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ്. നെയ്മറുമായി ചര്‍ച്ച നടത്തുന്നത് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും.

1

ബയേണ്‍ മ്യൂണിക് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് ബാഴ്‌സലോണ 35 ദശലക്ഷം യൂറോയുടെ പുതിയ ഓഫര്‍ വെച്ചതോടെയാണ് ബയേണ്‍ അധികൃതര്‍ ക്രിസ്റ്റിയാനോക്ക് വേണ്ടി നീക്കം ആരംഭിച്ചത്. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അടുത്ത സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുകയില്ല. ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയേണില്‍ ചേര്‍ന്നാല്‍ യൂറോപ്പില്‍ വീണ്ടും കളിക്കാന്‍ സാധിക്കുമെന്നത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തെ ആകര്‍ഷിക്കുന്ന ഘടകമാണ്. ബാലണ്‍ദ്യോര്‍ വീണ്ടും നേടുക എന്നത് ക്രിസ്റ്റിയാനോയുടെ ലക്ഷ്യമാണ്. അഞ്ച് തവണ ബാലണ്‍ദ്യോര്‍ നേടിയിട്ടുള്ള ക്രിസ്റ്റിയാനോ ഇപ്പോള്‍ മെസിക്ക് പിറകിലാണ്. ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പം അത്ഭുതപ്രകടനം തന്നെയാകും സൂപ്പര്‍താരം പദ്ധതിയിട്ടിരിക്കുന്നത്.

2

പുതിയ കോച്ച് ടെര്‍സ്‌റ്റെഗാന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തയ്യാറെടുപ്പുകളിലാണ്. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നടത്തുന്ന തയ്യാറെടുപ്പുകളാണ് മികച്ചത് എന്ന് ക്രിസ്റ്റിയാനോ വിശ്വസിക്കുന്നു. പെപ് ഗോര്‍ഡിയോള സിറ്റിയുടെ പ്രധാന സ്‌ട്രൈക്കറായി എര്‍ലിംഗ് ഹാലന്‍ഡിനെയും യുര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിന്റെ മുന്‍ നിരയിലേക്ക് ഡാര്‍വിന്‍ നുനെസിനെയും എത്തിച്ചു കഴിഞ്ഞു. 37 വയസുള്ള ക്രിസ്റ്റ്യാനോ കരിയര്‍ അവസാനിപ്പിക്കും മുമ്പ് ഒരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെയുള്ള ട്രോഫികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ ബയേണ്‍ മ്യൂണിക്കാകും ആ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൂപ്പര്‍താരത്തിന് ഗുണം ചെയ്യുക. ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും ക്രിസ്റ്റിയാനോയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

3

ബയേണ്‍ മ്യൂണിക്കിന്റെ ഇതിഹാസ താരമാണ് പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോസ്‌കി. 374 മത്സരങ്ങളില്‍ നിന്ന് 344 ഗോളുകളാണ് പോളിഷ് സ്‌ട്രൈക്കര്‍ ജര്‍മന്‍ ക്ലബ്ബിനായി നേടിയത്. കഴിഞ്ഞ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 46 മത്സരങ്ങള്‍ കളിച്ച ലെവന്‍ഡോസ്‌കി 50 ഗോളുകള്‍ നേടിയിരുന്നു. കിംഗ്‌സ്ലെ കോമാന്‍, സെര്‍ജി നാബ്രി, ലെറോയ് സാനെ, തോമസ് മ്യൂളര്‍, സദിയോ മാനെ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റ്യാനോ കൂടി ചേരുന്നത് ബയേണിനെ കൂടുതല്‍ ശക്തമാക്കുമെന്ന കണക്ക് കൂട്ടലിലാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന്റെ ടോപ് സ്‌കോറര്‍ ക്രിസ്റ്റിയാനോയായിരുന്നു. 39 മത്സരങ്ങള്‍ കളിച്ച താരം 24 ഗോളുകള്‍ നേടി. ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ വിജയകരമായ കരിയറുള്ള ക്രിസ്റ്റ്യാനോ ജര്‍മന്‍ മണ്ണിലും തിളങ്ങുമെന്നത് നിസ്തര്‍ക്കം.

4

ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വലിയൊരു ഉടച്ചു വാര്‍ക്കലിലാണ്. മെസിയും എംബാപെയും നെയ്മറും ഒരുമിച്ച് കളിച്ചിട്ട് പോലും പി എസ് ജിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാനായില്ല. ലോക റെക്കോര്‍ഡ് തുകക്ക് ടീമിലെത്തിയ നെയ്മറിന്റെ ഭാഗത്ത് നിന്ന് മാച്ച് വിന്നിംഗ് പ്രകടനം ഇല്ലാതെ പോകുന്നുവെന്ന വിമര്‍ശനം ക്ലബ്ബ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ നെയ്മര്‍ പി എസ് ജിക്ക് പുറത്തേക്കാണ്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബാഴ്‌സലോണ ക്ലബ്ബുകള്‍ താരത്തിനായി രംഗത്തുണ്ട്. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന് പകരക്കാരനായി നെയ്മറിനെ ടീമിലെത്തിക്കാന്‍ ചെല്‍സിക്ക് പദ്ധതിയുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരയില്‍ നിന്ന് ജെസി ലിന്‍ഗാര്‍ഡ്, എഡിന്‍സന്‍ കവാനി, യുവാന്‍ മാറ്റ എന്നിവര്‍ കരാര്‍ പൂര്‍ത്തിയാക്കി പിന്‍വലിയുന്നതോടെ പരിചയ സമ്പന്നരായ പ്രതിഭകളുടെ അഭാവം പ്രകടമാകും. നെയ്മറിനെ മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്നത് ഈ ഒഴിവിലേക്കാണ്.

Story first published: Friday, June 24, 2022, 16:11 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+