യൂറോപ്പ് ക്രിസ്മസ് ആഘോഷിക്കുവാനുള്ള തിരക്കിലേക്ക്. ഫുട്‌ബോള്‍ ലീഗുകള്‍ക്കെല്ലാം ചെറിയൊരു ക്രിസ്മസ് ബ്രേക്കുണ്ട്. ഇംഗ്ലണ്ടില്‍ പക്ഷേ, ബ്രേക്കൊന്നുമില്ല. ബോക്‌സിംഗ്‌ഡേ പോരാട്ടം എന്ന പേരില്‍ അവിടെ ആവേശം കൊഴുക്കും. യൂറോപ്പിലെ ഫുട്‌ബോള്‍ സീസണുകളില്‍ പ്രധാനകാലഘട്ടമാണ് ക്രിസ്മസ് ഇടവേള. പുതുവര്‍ഷത്തിലേക്ക് കാലൂന്നുമ്പോള്‍ പുതിയപദ്ധതികള്‍ ക്ലബ്ബുകള്‍ തയ്യാറാക്കി രംഗത്ത് വരും. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ലീഗ് ടേബിളില്‍ അടിത്തട്ടിലേക്ക് വീണവര്‍ക്ക് തിരിച്ചുവരാനുള്ള കാലയളവാണിത്. പുതിയ കളിക്കാരെ ടീമിലെത്തിച്ച് കരുത്തറിയിക്കാനുള്ള ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലത്തിനും അടുത്താഴ്ചയോടെ തുടക്കമാകും.
വിവിധ ലീഗുകളിലെ ക്രിസ്മസ് ചാമ്പ്യന്‍മാര്‍ ആരൊക്കെയാണ് ? പുതുവര്‍ഷത്തില്‍ എന്താകും അവസ്ഥ ? വരൂ, ഒരു സോളോ റണ്‍ നടത്താം...
ഇംഗ്ലണ്ടില്‍ ചെല്‍സിയുടെ നീലപ്പട
ക്രിസ്മസ് ആഘോഷം ചെല്‍സിയുടെ ക്യാമ്പിലാണ്. പതിനേഴ് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ 43 പോയിന്റുമായി തലപ്പത്ത് തുടരുന്നത് രണ്ട് സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ ആറ് പോയിന്റിന്റെ അകലത്തില്‍. തുടക്കത്തില്‍ കിതച്ച ചെല്‍സിയല്ല ഇപ്പോള്‍. അന്റോണിയോ കോന്റെയുടെ പുതിയ തന്ത്രങ്ങളില്‍ നീലപ്പട കരുത്താര്‍ജിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പ്രവചനപ്രകാരം ചെല്‍സി ലീഗ് ചാമ്പ്യന്‍മാരാകാന്‍ പാടില്ല.പക്ഷേ, ക്രിസ്മസ് കാലത്ത് തന്നെ ചെല്‍സി ചാമ്പ്യന്‍പട്ടം തങ്ങള്‍ക്കാണെന്ന സൂചന നല്‍കി മുന്നേറുകയാണ്. 26ന് ഹോംഗ്രൗണ്ടില്‍ ബൗണ്‍മൗത്തുമായിട്ടാണ് ചെല്‍സിയുടെ അടുത്ത മത്സരം.
സ്‌പെയ്‌നില്‍ റയലിന്റെ വെള്ളപ്പട
സ്പാനിഷ് ലാ ലിഗ ക്രിസ്മസ് ബ്രേക്കിലാണ്. ജനുവരി ഏഴിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. അന്ന് റയല്‍മാഡ്രിഡ് ഗ്രനഡയെയും എയ്ബര്‍ അത്‌ലറ്റിക്കോ മാഡ്രിഡിനയും സെല്‍റ്റവിഗോ മലാഗയെയും റയല്‍ സോസിഡാഡ് സെവിയ്യയേയും നേരിടും. ബാഴ്‌സയുടെ കളി എട്ടിന് വിയ്യാറയലിന്റെ ഗ്രൗണ്ടില്‍.
ലീഗ് പതിനാറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ പതിനഞ്ച് മത്സരത്തില്‍ നിന്ന് മുപ്പത്തേഴ് പോയിന്റെടുത്ത റയല്‍മാഡ്രിഡാണ് സ്‌പെയ്‌നിലെ ക്രിസ്മസ് ചാമ്പ്യന്‍. പതിനാറ് മത്സരങ്ങളില്‍ 34 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 33 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തും.
ജര്‍മനിയില്‍ ബയേണിന് ആശ്വാസം
വന്‍തോക്കുകളുമായി ബുണ്ടസ് ലിഗയിലെ അങ്കത്തട്ടിലുള്ള ബയേണ്‍ മ്യൂണിക് ഭയന്നിരുന്നു. ക്രിസ്മസ് ചാമ്പ്യന്‍ പട്ടം അരങ്ങേറ്റക്കാരായ ആര്‍ ബി ലൈപ്ഷിഷിന് മുന്നില്‍ അടിയറ വെക്കേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ലീഗ് മത്സരത്തില്‍ ലൈപ്ഷിഷിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ ക്രിസ്മസിന് മുമ്പെ തന്നെ ലീഗില്‍ മുന്നിലെത്തി. 16 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ബയേണിന് 39 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ലൈപ്ഷിഷിന് 36 പോയിന്റ്. മുപ്പത് പോയിന്റുമായി ഹെര്‍ത ബെര്‍ലിന്‍ മൂന്നാം സ്ഥാനത്ത്.
മൂന്നാഴ്ച ക്രിസ്മസ് ആഘോഷിച്ചിട്ടേ ജര്‍മനിയില്‍ ഇനി ഫുട്‌ബോള്‍ ജ്വരമുള്ളൂ. ജനുവരി ഇരുപതിനാണ് പതിനേഴാം റൗണ്ടിന് തുടക്കമാകുക. ഫ്രീബര്‍ഗും ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ആദ്യ മത്സരം. 21 ആറ് മത്സരങ്ങളുണ്ട്. ലൈപ്ഷിഷ് ഫ്രാങ്ക്ഫര്‍ട്ടിനെയും വെര്‍ഡര്‍ ബ്രെമന്‍ ബൊറുസിയ ഡോട്മുണ്ടിനെയും നേരിടുന്നതാണ് ശ്രദ്ധേയ മത്സരങ്ങള്‍.
ഇറ്റലിയില്‍ ഇത്തവണയും യുവെന്റസ്
കഴിഞ്ഞ സീസണിലും അതിന് മുമ്പുള്ള സീസണിലുമെല്ലാം ഇറ്റലിയിലെ ക്രിസ്മസ് ചാമ്പ്യന്‍ യുവെന്റസായിരുന്നു. അന്നെല്ലാം യുവെന്റസ് തന്നെ ലീഗ് ചാമ്പ്യന്‍മാരാവുകയും ചെയ്തു.ഇത്തവണയും കാര്യങ്ങളുടെ പോക്ക് അതേ രീതിയിലാണ്. പതിനേഴ് മത്സരങ്ങളില്‍ 42 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റോമ മുപ്പത്തെട്ട് പോയിന്റുമായിട്ട് രണ്ടാം സ്ഥാനത്താണ്. ജനുവരി ഏഴിനേ ഇനി ഇറ്റലിയില്‍ കളിയുള്ളൂ. അതുവരെ ഹാപ്പി ക്രിസ്മസ്.

ഫ്രാന്‍സില്‍ നിസെ
ഫ്രഞ്ച് ലീഗ് വണ്ണിലും ക്രിസ്‌ബ്രേക്ക് തുടങ്ങി. ജനുവരി പതിമൂന്നിനാണ് അടുത്ത റൗണ്ട്. പത്തൊമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായി. 44 പോയിന്റുള്ള നിസെയാണ് ഒന്നാം സ്ഥാനത്ത്. 42 പോയിന്റുള്ള മൊണാക്കോയാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ചാമ്പ്യന്‍മാരായ പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ 39 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 34 പോയിന്റുള്ള ലിയോണ്‍ നാലാം സ്ഥാനത്ത്.