ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടുമൊരു ചെല്‍സി- ലിവര്‍പൂള്‍ ത്രില്ലര്‍. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10 മണിക്കാണ് ക്ലാസിക്ക് പോരാട്ടം. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരുടീമും മുഖാമുഖം വരുന്നത്. നേരത്തേ കറാബാവോ കപ്പിന്റെ മൂന്നാംറൗണ്ടില്‍ ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തി ചെല്‍സി അടുത്ത റൗണ്ടിലേക്കു മുന്നേറിയിരുന്നു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് അന്ന് ബ്ലൂസ് ജയിച്ചു കയറിയത്. ഈ തോല്‍വിക്ക് ലീഗില്‍ കണക്കുതീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന റെഡ്‌സ്.

സീസണില്‍ ആറു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ജയിച്ച ഏക ടീമാണ് ലിവര്‍പൂള്‍. 18 പോയിന്റുമായി അവര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. 16 പോയിന്റ് വീതം നേടി നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തൊട്ടു താഴെയുണ്ട്. ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിടുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ചെല്‍സി സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.
ഇംഗ്ലണ്ടില്‍ മാത്രമല്ല സ്പാനിഷ് ലീഗിലും ഇറ്റാലിയന്‍ ലീഗിലും രണ്ടു ശ്രദ്ധേയമായ പോരാട്ടങ്ങള്‍ കൂടി ഇന്നു നടക്കുന്നുണ്ട്. ലാ ലിഗയില്‍ മുന്‍ ജേതാക്കളും യൂറോപ്യന്‍ ചാംപ്യന്‍മാരുമായ റയല്‍ മാഡ്രിഡ് നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡുമായാണ് മാറ്റുരയ്ക്കുന്നത്. ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് കരുത്തരായ നാപ്പോളിയെ നേരിടും. ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ സെവിയ്യയോട് വന്‍ തോല്‍വിയേറ്റുവാങ്ങിയ റയല്‍ വിജയവഴിയില്‍ മടങ്ങിയെത്തുകയെന്ന മോഹവുമായിട്ടാണ് ഹോംഗ്രൗണ്ടിലേക്ക് അത്‌ലറ്റിക്കോയെ ക്ഷണിക്കുന്നത്.