ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പതിനേഴാംറൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, മിഡില്‍സ്ബറോ, സണ്ടര്‍ലാന്‍ഡ്, വെസ്റ്റ്ഹാം ക്ലബ്ബുകള്‍ക്ക് ജയം. നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്ക് സമനില.
ലീഗ് ടേബിളില്‍ 43 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തും മുപ്പത് പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാംസ്ഥാനത്തമാണ്. പതിനേഴ് പോയിന്റുമായി ലെസ്റ്റര്‍ സിറ്റി പതിനഞ്ചാം സ്ഥാനത്തും പതിനെട്ട് പോയിന്റുമായി മിഡില്‍സ്ബറോ പതിനാലാം സ്ഥാനത്തും.

ഇബ്രായുടെ ഡബിളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
അഞ്ചാം മിനുട്ടിലും അമ്പത്താറാം മിനുട്ടിലും സ്വീഡിഷ് വെറ്ററന്‍ സ്‌ട്രൈക്കര്‍ ഗോളടിച്ചതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വെസ്റ്റ്‌ബ്രോംവിച് ആല്‍ബിയനെതിരെ ആധികാരിക ജയം സ്വന്തമാക്കി (2-0).
ജെസി ലിംഗാര്‍ഡിന്റെ തന്ത്രപരമായുള്ള ക്രോസ് ബോളിന് തലവെച്ചാണ് ഇബ്രാഹിമോവിച് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ വെയിന്‍ റൂണി നല്‍കിയ പന്താണ് ഡിഫന്‍ഡര്‍ ക്രെയ്ഗ് ഡൗസനെ കബളിപ്പിച്ച് ബോക്‌സിനുള്ളില്‍ നിന്ന് ഇബ്രാഹിമോവിച് രണ്ടാം ഗോളാക്കി മാറ്റിയത്.
സീസണില്‍ ഇബ്രായുടെ പതിനാറാം ഗോളാണിത്. മാഞ്ചസ്റ്ററിലെ ഏതൊരു സഹതാരത്തേക്കാളും പതിനൊന്ന് ഗോളുകള്‍ അധികമാണിത്.
റൂണിയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. സര്‍ ബോബി ചാള്‍ട്ടന്റെ 249 ഗോളുകളുടെ ക്ലബ്ബ് റെക്കോര്‍ഡിനരികിലാണ് റൂണി.
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടരെ പത്ത് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറി.
തുടരെ പതിനൊന്നാം ജയം; ചെല്‍സിക്ക് റെക്കോര്‍ഡ്
ഡിയഗോ കോസ്റ്റയുടെ ഏക ഗോളില്‍ ക്രിസ്റ്റല്‍പാലസിനെ വീഴ്ത്തി ചെല്‍സി പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുകയാണ്. തുടരെ പതിനൊന്നാം ജയമാണ് അന്റോണിയോ കോന്റെയുടെ നീലപ്പട സ്വന്തമാക്കിയത്. ചെല്‍സിയുടെ തന്നെ ക്ലബ്ബ് റെക്കോര്‍ഡിനൊപ്പമെത്തി കോന്റെയുടെ ചെല്‍സിപ്പട. 2009 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ചെല്‍സി തുടരെ പതിനൊന്ന് ജയങ്ങള്‍ കരസ്ഥമാക്കിയിരുന്നതാണ് ആദ്യ റെക്കോര്‍ഡ്.
പ്രീമിയര്‍ ലീഗ് സീസണില്‍ പതിമൂന്നാംഗോള്‍ നേടിയ കോസ്റ്റ ടോപ് സ്‌കോറര്‍ സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ ആകെ നേടിയ ഗോളുകള്‍ക്കും മുകളിലെത്തി കോസ്റ്റ.
സെസാര്‍ അസ്‌പെലിക്യൂടയുടെ ക്രോസ് ബോളില്‍ ഹെഡറിലൂടെയാണ് കോസ്റ്റ വല കുലുക്കിയത്.
മാര്‍കോസ് അലോന്‍സോയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ചെല്‍സിയുടെ മാര്‍ജിന്‍ കുറച്ചു.
പത്ത് പേരുമായി ലെസ്റ്റര്‍ സമനില പൊരുതിയെടുത്തു
സ്റ്റോക്ക് സിറ്റിയുടെ തട്ടകത്തില്‍,സൂപ്പര്‍ സ്‌ട്രൈക്കര്‍ ജാമി വര്‍ഡി ഇരുപത്തെട്ടാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ ലെസ്റ്റര്‍ സിറ്റി ഞെട്ടി. അതിന് ശേഷം രണ്ടാം ഗോള്‍ കൂടി വഴങ്ങിയ ലെസ്റ്റര്‍ സിറ്റി ആദ്യപകുതിയില്‍ 2-0 പിറകിലായി. പത്ത് പേരുമായി നിലവിലെ ചാമ്പ്യന്‍മാര്‍ പൊരുതാനുറച്ചതോടെ കഥ മാറി. എഴുപത്തിനാലാം മിനുട്ടില്‍ ലിയോനാര്‍ഡോ ഉലോയും എണ്‍പത്തെട്ടാം മിനുട്ടില്‍ ഡാനിയല്‍ അമര്‍തേയും ലെസ്റ്ററിനായി ഗോളടിച്ചതോടെ സമനില. മുന്‍ ബാഴ്‌സ താരം ബോയാന്‍ കിര്‍കിച്, ജോ അലെന്‍ എന്നിവരുടെ ഗോളുകളാണ് സ്റ്റോക്കിന് ആദ്യപകുതിയില്‍ മേധാവിത്വം നേടിക്കൊടുത്തത്.
ഗോള്‍നില
ക്രിസ്റ്റല്‍പാലസ് 0-1 ചെല്‍സി
മിഡില്‍സ്ബറോ 3-0 സ്വാന്‍സി
സ്റ്റോക്ക് 2-2 ലെസ്റ്റര്‍ സിറ്റി
സണ്ടര്‍ലാന്‍ഡ് 1-0 വാട്‌ഫോഡ്
വെസ്റ്റ്ഹാം 1-0 ഹള്‍
വെസ്റ്റ് ബ്രോം 0-2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്