
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങള്‍ക്കു ശേഷം മുന്‍ ജേതാക്കളായ ചെല്‍സിക്കു സമനിലപ്പൂട്ട്. എവേ മല്‍സത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡാണ് ബ്ലൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയത്. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു എവര്‍ട്ടനെ തകര്‍ത്തുവിട്ടു.
തുടര്‍ച്ചയായ ആറാം ജയത്തോടെ ലിവര്‍പൂളിനെ പിന്തള്ളി ലീഗില്‍ തലപ്പത്തേക്കു കയറാമെന്ന പ്രതീക്ഷയോടെയാണ് ചെല്‍സി വെസ്റ്റ്ഹാമിന്റെ മൈതാനത്തെത്തിയത്. കളിയില്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ ചെല്‍സിക്കു ലക്ഷ്യം കൈവരിക്കാമായിരുന്നു. എന്നാല്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും വെസ്റ്റ്ഹാമിന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഗോള്‍ നേടാനായില്ല. കാര്യമായ ഗോളവസരങ്ങള്‍ പോലും സൃഷ്ടിക്കാതെയാണ് ബ്ലൂസ് പോയിന്റ് പങ്കുവച്ചത്. ആു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 16 പോയിന്റുമായി ലീഗില്‍ മൂന്നാംസ്ഥാനത്താണ് ചെല്‍സി.
അതേസമയം, എവര്‍ട്ടനെതിരേ ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ആഴ്‌സനലിന്റെ രണ്ടു ഗോളുകളും രണ്ടാംപകുതിയിലായിരുന്നു. മൂന്നു മിനിറ്റിനിടെയാണ് ഗണ്ണേഴ്‌സ് രണ്ടു ഗോളും നേടിയത്. അലെക്‌സാണ്ട്രെ ലക്കാസാറ്റെ (56), പിയറെ എമെറിക് ഓബമെയാങ് (59) എന്നിവരാണ് സ്‌കോറര്‍മാര്‍.