ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് ജയം. ഹോം മാച്ചില്‍ ചെല്‍സി 2-1ന് ടോട്ടനം ഹോസ്പറിനെ പരാജയപ്പെടുത്തിയപ്പോള്‍ ലിവര്‍പൂള്‍ 2-0ന് സണ്ടര്‍ലാന്‍ഡിനെ കീഴടക്കി. അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ 2-1ന് ബണ്‍ലിയുടെ വെല്ലുവിളിയെ അതിജീവിച്ചു.
ചെല്‍സി ഒന്നാം സ്ഥാനത്ത്
പ്രീമിയര്‍ ലീഗ് ടേബിളില്‍ 13 മത്സരങ്ങളില്‍ മുപ്പത്തൊന്ന് പോയിന്റുമായി ചെല്‍സി കുതിക്കുന്നു. ഇത്രയും മത്സരങ്ങളില്‍ മുപ്പത് പോയിന്റ് വീതമുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ലീഗ് സീസണില്‍ ടോട്ടനമിന്റെ ആദ്യ തോല്‍വി
പ്രീമിയര്‍ ലീഗ് സീസണില്‍ ടോട്ടനം ഹോസ്പറിന്റെ ആദ്യ തോല്‍വി. 13 മത്സരങ്ങളില്‍ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ടോട്ടനം ആദ്യ പന്ത്രണ്ട് കളികളില്‍ ജയവും സമനിലയുമായി അപരാജിത മുന്നേറ്റമാണ് സീസണില്‍ കാഴ്ചവെച്ചത്. പതിനൊന്നാം മിനുട്ടില്‍ എറിക്‌സന്റെ ഗോളില്‍ മുന്നിലെത്തിയ ടോട്ടനമിനെ പെഡ്രോ, മോസസ് എന്നിവരുടെഗോളുകളില്‍ ചെല്‍സി വീഴ്ത്തി.
അഗ്യുറോ സിറ്റിയുടെ രക്ഷകന്‍
ബണ്‍ലിക്കെതിരെ പതിനാലാം മിനുട്ടില്‍ പിറകിലായ മാഞ്ചസ്റ്റര്‍ സിറ്റി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ഇരുപകുതികളിലുമായി നേടിയ ഇരട്ടഗോളുകളില്‍ മത്സരം സ്വന്തമാക്കി.
വൈകി വന്ന ലിവര്‍പൂള്‍ ഗോളുകള്‍
സണ്ടര്‍ലാന്‍ഡിനെതിരെ എഴുപത്തഞ്ചാം മിനുട്ടില്‍ ഒറിഗിയാണ് ലിവര്‍പൂളിനെ മുന്നിലെത്തിക്കുന്നത്. രണ്ടാം ഗോള്‍ ഇഞ്ചുറിടൈമില്‍ പെനാല്‍റ്റിയിലൂടെ മില്‍നര്‍ നേടി.
ഒമ്പത് ഗോളുകള്‍
സ്വാന്‍സി - ക്രിസ്റ്റല്‍പാലസ് മത്സരത്തില്‍ ഒമ്പത്‌ഗോളുകള്‍ ! 5-4നായിരുന്നു സ്വാന്‍സി ജയം. സീസണില്‍ ഉദ്ഘാടന ദിവസം ജയിച്ചതിന് ശേഷം സ്വാന്‍സിയുടെ രണ്ടാം ജയം. ഒമ്പത് പോയിന്റുമായി റെലഗേഷന്‍ സോണിലാണ് സ്വാന്‍സി.
ഗോള്‍ നില
ബണ്‍ലി 1-2 മാഞ്ചസ്റ്റര്‍ സിറ്റി
ലിവര്‍പൂള്‍ 2-0 സണ്ടര്‍ലാന്‍ഡ്
ലെസ്റ്റര്‍ സിറ്റി 2-2 മിഡില്‍സ്ബറോ
ഹള്‍ 1-1 വെസ്‌ബ്രോം
സ്വാന്‍സി 5-4 ക്രിസ്റ്റല്‍പാലസ്
ചെല്‍സി 2-1 ടോട്ടനം ഹോസ്പര്‍