ലണ്ടന്‍: ലിവര്‍പൂള്‍ എഫ് സിയുടെ കഷ്ടകാലം തുടരുന്നു. ഇ എഫ് എല്‍ കപ്പിന് പിന്നാലെ എഫ് എ കപ്പില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്. ചാമ്പ്യന്‍ഷിപ്പ് ക്ലബ്ബായ വോള്‍വര്‍ഹാംടന്‍ വാണ്ടറേഴ്‌സാണ് അട്ടിമറിയോടെ എഫ് എ കപ്പില്‍ അഞ്ചാം റൗണ്ടിലെത്തിയത്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വോള്‍വര്‍ഹാംടന്‍ വാണ്ടറേഴ്‌സിന്റെ ജയം. 2008ന് ശേഷം ആദ്യമായാണ് വോള്‍വ്‌സ് അഞ്ചാം റൗണ്ടിലെത്തുന്നത്.
ബുധനാഴ്ച നടന്ന ഇ എഫ് എല്‍ കപ്പ് സെമിഫൈനലില്‍ സതംപ്ടനോടും ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു. എഫ് എ കപ്പില്‍ ലിവര്‍പൂള്‍ വീണപ്പോള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം ഹോസ്പര്‍ എന്നിവര്‍ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി.

മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ചെല്‍സി ഹോം ഗ്രൗണ്ടില്‍ ബ്രെന്റ്‌ഫോഡിനെ മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോഡിനെ തുരത്തി. ടോട്ടനം ഹോസ്പറിന് കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. ഹോം ഗ്രൗണ്ടില്‍ അവര്‍ 4-3ന് വൈകോംബെയുടെ വെല്ലുവിളി അതിജീവിക്കുകയായിരുന്നു.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെ ഒന്നാം മിനുട്ടില്‍ ഗോള്‍ നേടി വോള്‍വ്‌സ് ഞെട്ടിച്ചു. സ്റ്റീര്‍മാനായിരുന്നു സ്‌കോറര്‍. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ വീമാനും ഗോളടിച്ചതോടെ ആദ്യപകുതിയില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ക്ക് പിറകിലായി. എണ്‍പത്താറാം മിനുട്ടില്‍ ഒറിഗിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാന്‍ യുര്‍ഗന്‍ ക്ലോപിന്റെ ചെമ്പടക്ക് സാധിച്ചില്ല. പുതുവര്‍ഷത്തില്‍ എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ലിവര്‍പൂളിന് ജയിക്കാനായത്. പ്രതിരോധത്തിലെ പിഴവുകളാണ് തിരിച്ചടിയാകുന്നത്. തന്റെ ടീമിന് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നുവെന്ന് മത്സരശേഷം കോച്ച് യുര്‍ഗന്‍ ക്ലോപ് തുറന്ന് സമ്മതിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി സ്റ്റെര്‍ലിംഗ്, സാനെ, യായ ടുറെ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ബ്രെന്റ്‌ഫോഡിനെതിരെ ചെല്‍സിക്കായി വില്ല്യന്‍, പെഡ്രോ ആദ്യപകുതിയിലും ഇവാനോവിച് ബാഷുയി എന്നിവര്‍ രണ്ടാം പകുതിയിലും സ്‌കോര്‍ ചെയ്തു.
ഗോള്‍ നില
ലിവര്‍പൂള്‍ 1-2 വോള്‍വ്‌സ്
ലിന്‍കോള്‍ സിറ്റി 3-1 ബ്രൈറ്റന്‍
ബണ്‍ലി 2-0 ബ്രിസ്റ്റള്‍ സിറ്റി
ചെല്‍സി 4-0 ബ്രെന്റ്‌ഫോഡ്
ക്രിസ്റ്റല്‍പാലസ് 0-3 മാഞ്ചസ്റ്റര്‍ സിറ്റി
ബ്ലാക്‌ബേണ്‍ 2-0 ബ്ലാക്പൂള്‍
ഓക്‌സ്‌ഫോഡ് 3-0 ന്യൂകാസില്‍
ടോട്ടനം 4-3 വൈകോംബെ