മാഡ്രിഡ്/മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ചൊവ്വാഴ്ച നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് അയാക്സിനെയും ബൊറൂസ്യ ഡോട്മുണ്ട് ടോട്ടനം ഹോട്സ്പറിനെയും ബുധനാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിഎസ്ജിയെയും റോമ പോര്‍ട്ടോയെയും മാര്‍ച്ച് 12ന് മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയെയും യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെയും 13ന് ബാഴ്സലോണ ലിയോണിനെയും ബയേണ്‍ മ്യൂണിക്ക് ലിവര്‍പൂളിനെയും നേരിടും. റയല്‍-അയാക്സ്, ഡോട്മുണ്ട്-ടോട്ടനം പോര് ഇന്ത്യന്‍ സമയം രാത്രി 1.30നാണ് ആരംഭിക്കുന്നത്.
ഇന്ത്യന്‍ ഓപ്പണ്‍ സ്നൂക്കര്‍: മാത്യു സെല്തിനു കിരീടം
ഒന്നാംപാദത്തില്‍ ഡച്ച് ക്ലബ്ബായ അയാക്സിനെ 1-2ന് തോല്‍പ്പിച്ചാണ് നിര്‍ണായക രണ്ടാംപാദ പോരിന് റയല്‍ സ്വന്തം തട്ടകത്തിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷമാണ് സാന്റിയാഗോ ബെര്‍നാബുവില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ അയാക്സിനെ നേരിടാനൊരുങ്ങുന്നത്. ഇന്ന് രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ റയലിന് അനായാസം ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവും.
അതേസമയം, ഒന്നാംപാദത്തില്‍ ജര്‍മന്‍ ലീഗ് മുന്‍ ചാംപ്യന്മാരായ ബൊറൂസ്യ ഡോട്മുണ്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചതിന്റെ ആവേശത്തിലാണ് പീമിയര്‍ ലീഗിലെ ശക്തരായ ടോട്ടനം ഹോട്സ്പര്‍. ഹോംഗ്രൗണ്ടില്‍ നടന്ന പ്രീക്വാര്‍ട്ടറിലെ ഒന്നാംപാദത്തില്‍ ടോട്ടനം 3-0നാണ് ഡോട്മുണ്ടിനെ തുരത്തിയത്. ഇന്ന് മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ ടോട്ടനമിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവും. എന്നാല്‍, സ്വന്തം തട്ടകത്തില്‍ കണക്കു തീര്‍ക്കുന്നതിനോടൊപ്പം അദ്ഭുത തിരിച്ചുവരവും ലക്ഷ്യമിട്ടാണ് ഡോട്മുണ്ട് അങ്കത്തട്ടിലിറങ്ങുന്നത്.