ലണ്ടന്‍: ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗായ ചാമ്പ്യന്‍ഷിപ്പില്‍ ക്വൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സിന്റെ തട്ടകത്തില്‍ ബ്രെന്റ്‌ഫോര്‍ഡിന് ചരിത്ര ജയം. 52 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ബ്രെന്റ്‌ഫോര്‍ഡ് ക്വുന്‍സ് പാര്‍ക് റേഞ്ചേഴ്‌സിന്റെ തട്ടകത്തില്‍ ജയിക്കുന്നത്. ജോഷ് ക്ലാര്‍ക്കിന്റെയും റൊമെയിന്‍ സ്വായേഴ്‌സിന്റെയും ഗോളുകളില്‍ ബ്രെന്റ്‌ഫോര്‍ഡ് 2-0നാണ് ജയിച്ചത്.
നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ മാക്‌സിം കോളിന്റെ പാസിലാണ് സ്വായേഴ്‌സിന്റെ ഗോള്‍. ഇതാകട്ടെ, സ്വായേഴ്‌സ് ബ്രെന്റ്‌ഫോര്‍ഡിനായി നേടുന്ന ആദ്യ ഗോളാണിത്.

ഇരുപത്തിനാല് ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് റൗണ്ടുകള്‍ പൂര്‍ത്തിയായി. അതേ സമയം ബ്രെന്റ്‌ഫോര്‍ഡും ക്വുപിആറും പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ക്വുപിആര്‍ പത്തൊമ്പത് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ്. ബ്രെന്റ്‌ഫോഡ് ഇരുപത്തിരണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്ത്.
31 പോയിന്റുള്ള ന്യൂകാസില്‍ യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തെട്ട് പോയിന്റുള്ള ബ്രൈറ്റനാണ് രണ്ടാം സ്ഥാനത്ത്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് അടുത്ത പ്രീമിയര്‍ ലീഗ് സീസണിന് യോഗ്യത നേടും.